തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രതിഷേധമായി ഇടതു മുന്നണിയുടെ മനുഷ്യ മഹാശൃംഖല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായ പ്രതിഷേധമെന്ന നിലയിലാണ് ഇടതു മുന്നണി മനുഷ്യ മഹാശൃംഖല സംഘടിപ്പിച്ചത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നായിരുന്നു ഇടതു മുന്നണിയുടെ ആഹ്വാനം. ഇടതു മുന്നണി പ്രവർത്തകർക്കൊപ്പം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ മനുഷ്യശൃംഖലയുടെ ഭാഗമായി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലക്ഷങ്ങളെ അണിനിരത്തി എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖല - ldf human chain
ഇടതു മുന്നണി പ്രവർത്തകർക്കൊപ്പം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ മനുഷ്യശൃംഖലയുടെ ഭാഗമായി
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ സി.ദിവാകരൻ, സി.കെ നാണു, സിപിഎം നേതാക്കളായ എം.വി ഗോവിന്ദൻ, എം.വിജയകുമാർ തുടങ്ങിയ ഇടതുമുന്നണി നേതാക്കൾ പങ്കെടുത്തു. ഇവര്‍ക്കുപുറമെ പാളയം ഇമാം ഷുഹൈബ് മൗലവി, ക്രൈസ്തവസഭാ പ്രതിനിധികൾ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സിനിമാ സാംസ്കാരിക പ്രവർത്തകര്‍ തുടങ്ങിയവരും മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി. മുഖ്യമന്ത്രി കുടുംബ സമേതമാണ് പ്രതിഷേധ ചടങ്ങിനെത്തിയത്. 3.30ന് ട്രയൽ മനുഷ്യ ചങ്ങല നടന്നു. നാല് മണിക്കാണ് മനുഷ്യ മഹാശൃംഖല സംഘടിപ്പിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദ്യം ഭരണഘടനയുടെ ആമുഖവും തുടർന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും വായിച്ചു.