കേരളം

kerala

ETV Bharat / state

'യഥാർഥ കേരള സ്റ്റോറി'; രണ്ടാം വാർഷികത്തിൽ പ്രത്യേക പോസ്റ്ററുമായി എൽഡിഎഫ് സർക്കാർ - യഥാർഥ കേരള സ്റ്റോറി

സ്വപ്‌നങ്ങൾ പൂവണിയുകയും മനുഷ്യത്വം തഴച്ചുവളരുകയും ചെയ്യുന്ന യഥാർഥ കേരള സ്റ്റോറിയാണ് കേരളം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Real Kerala Story  LDF Govt Real Kerala Story ad  LDF Govt second anniversary day  എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികം  എല്‍ഡിഎഫ്  എൽഡിഎഫ് സർക്കാർ  യഥാർഥ കേരള സ്റ്റോറി  LDF Government
പിണറായി വിജയൻ

By

Published : May 20, 2023, 12:30 PM IST

തിരുവനന്തപുരം: കേരളത്തിലെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രണ്ടാം വാര്‍ഷിക ദിനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാർ. സംസ്ഥാനം സാമൂഹ്യ സൗഹാർദ്ദത്തിന്‍റെയും പുരോഗമന മൂല്യങ്ങളുടെയും കേരള സ്റ്റോറി ആഘോഷിക്കുകയാണെന്ന് വ്യക്‌തമാക്കിക്കൊണ്ടുള്ള യഥാർഥ കേരള സ്റ്റോറി എന്ന പോസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുറത്തുവിട്ടു.

കേരള സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ, സ്വപ്‌നങ്ങൾ പൂവണിയുകയും മനുഷ്യത്വം തഴച്ചുവളരുകയും ചെയ്യുന്ന #RealKeralaStory ഞങ്ങൾ ആഘോഷിക്കുന്നു. പോസ്റ്ററിനൊപ്പം മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. കർഷകർ, ആരോഗ്യ പ്രവർത്തകർ, ട്രാൻസ്‌ജെൻഡർമാർ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരുടെ ചിത്രത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സർക്കാരിന്‍റെ കഴിഞ്ഞ രണ്ട് വർഷത്തെ വിവിധ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് പോസ്റ്റർ. നൂതനത്വം, അടിസ്ഥാന സൗകര്യം, ആരോഗ്യപരിചണം, വിനോദസഞ്ചാരവും ആഗോള അംഗീകാരവും, സാമൂഹ്യക്ഷേമം, തൊഴിലും വ്യവസായവും, ഭരണനിർവ്വഹണവും സേവന മികവും തുടങ്ങി ഇടതുപക്ഷ ഭരണത്തിന് കീഴിൽ കേരളം കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളും ഈ മേഖലകളിലെ വിവിധ ദേശീയ സൂചികകളും അംഗീകാരങ്ങളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പോസ്റ്റർ മുഖ്യമന്ത്രി ഫേസ്‌ബുക്കിലും പങ്കുവെച്ചു. സർക്കാരിന്‍റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുമാണ് യഥാർഥ കേരള സ്റ്റോറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ വാർഷികം കേരളത്തിന്‍റെ വികസന ഗാഥയുടെ ആഘോഷങ്ങൾക്കുള്ള വേളയാകട്ടെ എന്നും ആശംസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയർന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്നേഹവുമുള്ളൊരു ജനതയെ വാർത്തെടുക്കാൻ ഈ ജനകീയപോരാട്ടങ്ങൾക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങൾക്കും തൊഴിലവകാശങ്ങൾക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകാൻ ശേഷിയുള്ള പുരോഗമന രാഷ്ട്രീയവും ഇവിടെ വളർന്നു വന്നു.

കേരള സമൂഹത്തിന് ദിശാബോധം നൽകാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സർക്കാരുകളും ഇവിടെയുണ്ടായി. ആദ്യ ഇഎംഎസ് സർക്കാർ തുടക്കമിട്ട പല വിപ്ലവാത്മക പരിഷ്‌കാരങ്ങളും ആധുനിക കേരള സൃഷ്‌ടിയിൽ മുഖ്യപങ്ക് വഹിച്ചു. ആ ജനകീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനും കേരളസമൂഹത്തെ ഒരു വിജ്ഞാനസമ്പദ് വ്യവസ്ഥയായി മാറ്റിത്തീർക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

മാനവികതയിലും സാമൂഹികനീതിയിലും സാങ്കേതിക നൈപുണ്യത്തിലുമൂന്നിയ ഒരു സമൂഹത്തെ വാർത്തെടുക്കണം. ഇതിനായി ജനകീയ വികസന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാർ ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുകയാണ്. ഈ സർക്കാരിന്‍റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹികപുരോഗതിയുമാണ് യഥാർഥ കേരള സ്റ്റോറി. ഈ വാർഷികം കേരളത്തിന്‍റെ വികസന ഗാഥയുടെ ആഘോഷങ്ങൾക്കുള്ള വേളയാകട്ടെ. മുഖ്യമന്ത്രി കുറിച്ചു.

പ്രതിഷേധവുമായി യുഡിഎഫ്: അതേസമയം എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നതിന്‍റെ ആഘോഷ പരിപാടികൾക്കിടെ ശക്തമായ പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷം രംഗത്തെത്തി. യുഡിഎഫ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയൽ സമരം ഇന്ന് രാവിലെ 7 മണി മുതൽ ആരംഭിച്ചു.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് സെക്രട്ടേറിയറ്റ് വളയൽ സമരത്തിനായി എത്തിയത്. രണ്ട് വർഷമായി യുഡിഎഫ് നടത്തിവരുന്ന സമരങ്ങളുടെ ആവശ്യങ്ങൾ ക്രോഡീകരിച്ചാണ് സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ യുഡിഎഫ് സമരത്തിന് ഇറങ്ങിയത്.

ABOUT THE AUTHOR

...view details