തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിലെ സിപിഎം, സിപിഐ മന്ത്രിമാരെ ചൊവ്വാഴ്‌ച അറിയാം. ചെവ്വാഴ്‌ച സിപിഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ചേര്‍ന്ന് മന്ത്രിമാരെ തീരുമാനിക്കും. നിലവിലെ ധാരണ പ്രകാരം സിപിഎമ്മിന് മുഖ്യമന്ത്രിയുള്‍പ്പെടെ 12 മന്ത്രിമാരും സ്‌പീക്കര്‍ സ്ഥാനവുമാണ് ലഭിക്കുക. ഇതില്‍ മന്ത്രിമാര്‍ ആരൊക്കെയാകണം എന്നതിലെ ചര്‍ച്ചയാണ് ചൊവ്വാഴ്‌ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സമിതി യോഗങ്ങള്‍ തീരുമാനിക്കുക.
Also Read:സത്യപ്രതിജ്ഞ സെൻട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ; ആളുകളുടെ എണ്ണം കുറയ്ക്കും
മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ എന്നതാണ് സിപിഎമ്മിനുള്ളിലെ ധാരണ. കെ.കെ. ശൈലജയ്ക്ക് മാത്രമാകും ഇക്കാര്യത്തില്‍ ഇളവെന്നുമാണ് അറിയുന്നുത്. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്‌ണന്‍, പി.രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മന്ത്രിമാരായി വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എം.ബി. രാജേഷ്, പി. നന്ദകുമാര്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍. വനിത പ്രാധിനിത്യത്തിന്‍റെ ഭാഗമായി വീണ ജോര്‍ജും പരിഗണിക്കപ്പെട്ടേക്കും.
Also Read:കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം, ഒറ്റ എംഎല്‍എ കക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടണം
സ്‌പീക്കര്‍ സ്ഥാനത്തേക്കോ മന്ത്രിസ്ഥാനത്തേക്കോ കെ.ടി. ജലീലും പരിഗണിക്കപ്പെടാം. നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനവുമാണ് സിപിഐയ്ക്കുള്ളത്. 17 എംഎല്‍എമാരില്‍ ആരൊക്കെ ആ സ്ഥാനത്തേക്കെത്തും എന്നത് ചൊവ്വാഴ്‌ച ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ഇ. ചന്ദ്രശേഖരൻ തുടരാന്‍ സാധ്യതയുണ്ട്. ചിഞ്ചുറാണി, പി. പ്രസാദ്, ചിറ്റയം ഗോപകുമാര്‍, ബാലചന്ദ്രന്‍, ജി.ആര്‍. അനില്‍ എന്നിവര്‍ മറ്റ് സ്ഥാനങ്ങളിലേക്ക് എത്താനാണ് സാധ്യത.