കേരളം

kerala

ETV Bharat / state

പാർട്ടിയും കൈവിട്ടു, ഒടുവില്‍ ജലീലിന്‍റെ രാജി

ഏപ്രില്‍ 12ന് വിധിയില്‍ സ്റ്റേ തേടി ജലീല്‍ ഹൈക്കോടതിയിലെത്തിയെങ്കിലും റംസാന്‍ വ്രതാരംഭ ദിനത്തില്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയും ചെയ്തു.

kt-jaleel-resigned-two-and-a-half-year-old-relative-appointment-controversy
പാർട്ടിയും കൈവിട്ടു, ഒടുവില്‍ ജലീലിന്‍റെ രാജി

By

Published : Apr 13, 2021, 5:15 PM IST

തിരുവനന്തപുരം: രണ്ടര വര്‍ഷം ആയുസുള്ള ബന്ധു നിയമന വിവാദത്തില്‍ തട്ടിയാണ് ഒടുവില്‍ ഡോ.കെ.ടി. ജലീല്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നത്. കാരണമായത് ലോകായുക്തയുടെ ഉത്തരവാണെങ്കിലും പൊട്ടിപ്പുറപ്പെട്ടതു മുതല്‍ തലയ്ക്കു മേലെ തൂങ്ങുന്ന വാളായി ഈ ആരോപണം ജലീലിനൊപ്പമുണ്ടായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കേരള ഗവര്‍ണര്‍ പി. സദാശിവവും കേരള ഹൈക്കോടതിയും തള്ളിക്കളഞ്ഞ കേസാണിതെന്ന വാദമുയര്‍ത്തി പിടിച്ചു നില്‍ക്കാനുള്ള ശ്രമവും ലോകായുക്ത വിധി വന്നയുടന്‍ ജലീല്‍ ഉയര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാൻ ശ്രമിക്കുന്നതിനിടെ പാര്‍ട്ടിയും കൈവിട്ടതോടെ രാഷ്ട്രീയ ധാര്‍മികതയിലേക്ക് രാജി തിരിച്ചു വിടാനുള്ള കൗശലവും ഫേസ് ബുക്കില്‍ ജലീല്‍ നടത്തിയിട്ടുണ്ട്.

2018 നവംബര്‍ രണ്ടിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ബന്ധു നിയമന വിവാദത്തിന് തിരികൊളുത്തുന്നത്. സംസ്ഥാന ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ബന്ധുവായ കെ.ടി. അദീബിനെ നിയമിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് ജലീല്‍ ഇടപെട്ടെന്നും ഇതിനായി ബന്ധുവിന് അനുകൂലമായി വിദ്യാഭ്യാസ യോഗ്യതകളില്‍ മാറ്റം വരുത്തിയെന്നുമായിരുന്നു ഫിറോസിന്‍റെ ആരോപണം. നവംബര്‍ മൂന്നിന് ജലീല്‍ ആരോപണം നിഷേധിച്ചു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം ലക്ഷ്യമാക്കിയാണ് അദീബിനെ ജനറല്‍ മാനേജരാക്കിയതെന്നും യോഗ്യതയ്ക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതനുസരിച്ചാണ് അദീബ് അപേക്ഷ നല്‍കിയതെന്നും ജലീല്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യമേയില്ലെന്നും ജലീല്‍ വ്യക്തമാക്കി.

വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടെ 2018 നവംബര്‍ 13ന് അദീബ് സ്ഥാനമൊഴിഞ്ഞു. വിദ്യാഭ്യാസ യോഗ്യതയ്‌ക്കൊപ്പം അബീദിന്‍റെ യോഗ്യത കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നു മുഖ്യമന്ത്രിയോട് ജലീല്‍ നിര്‍ദ്ദേശിച്ചതു സംബന്ധിച്ച രേഖകള്‍ യൂത്ത് ലീഗ് പുറത്തു വിട്ടു. 2019 ഫെബ്രുവരി എട്ടിന് ഇതു സംബന്ധിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ലോകായുക്ത ഫയലുകള്‍ ഹാജരാക്കാന്‍ പൊതുഭരണ സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷം നല്‍കിയ അപേക്ഷ 2019 മാര്‍ച്ച് ആറിന് ഗവര്‍ണര്‍ നിരാകരിച്ചു. നിയമനത്തില്‍ അപാകതയില്ലെന്ന് 2018 ജൂണ്‍ 18ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2019 ജൂലൈ അഞ്ചിന് ബന്ധുനിയമന ഹര്‍ജിയിലെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പി.കെ. ഫിറോസായിരുന്നു ഹര്‍ജിക്കാരന്‍. ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ 2019 സെപ്തംബര്‍ ആറിന് പി.കെ. ഫിറോസ് നല്‍കിയ അനുമതി അപേക്ഷ ഗവര്‍ണര്‍ തള്ളി. 2021 ഏപ്രില്‍ 9ന് നിര്‍ണായകമായ ലോകായുക്ത ഉത്തരവ് വന്നു. ഏപ്രില്‍ 12ന് വിധിയില്‍ സ്റ്റേ തേടി ജലീല്‍ ഹൈക്കോടതിയിലെത്തിയെങ്കിലും റംസാന്‍ വ്രതാരംഭ ദിനത്തില്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details