തിരുവനന്തപുരം:കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ച് പൊലീസ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് അൻസിലിനെ ചോദ്യം ചെയ്‌തത്. കന്‍റോൺമെന്‍റ് സ്റ്റേഷനിലാണ് അൻസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. അടുത്ത മാസം (ജൂലൈ) 7ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ കെഎസ്‌യു സംസ്ഥാന കൺവീനറോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് മണിക്കൂർ നേരമാണ് പൊലീസ് അൻസിലിനെ ചോദ്യം ചെയ്‌തത്. അടുത്ത മാസം 7ന് ഹാജരാകുമ്പോൾ എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കന്‍റോൺമെന്‍റ് എസിപിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വ്യാജ സർട്ടിഫിക്കറ്റ് താൻ നിർമിച്ചിട്ടില്ലെന്നാണ് അൻസിൽ പൊലീസിന് മൊഴി നൽകിയത്.
അഭിഭാഷകനൊപ്പമാണ് അൻസിൽ ജലീൽ ചോദ്യം ചെയ്യലിന് ഹാജരായത്. എന്നാൽ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അൻസിലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്ന് തന്നെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
അൻസിലിന്‍റെ ബിരുദ സർട്ടിഫിക്കറ്റിൽ കേരള സർവകലാശാല രജിസ്‌ട്രാറാണ് കന്‍റോൺമെന്‍റ് പൊലീസിന് പരാതി നൽകിയത്. അൻസിലിന്‍റെ പേരിലുള്ള സർട്ടിഫിക്കറ്റിൽ സർവകലാശാലയുടെ സീലും എംബ്ലവും വിസിയുടെ ഒപ്പും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വ്യാജ രേഖ ചമയ്‌ക്കൽ അടക്കം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് അൻസിലിനെതിരെ പൊലീസ് എഫ്ഐആറിൽ ചുമത്തിയിട്ടുള്ളത്. സർവകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂൺ 14 ന് മുൻപ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്.