തിരുവനന്തപുരം: നഗര മേഖലകള്‍ കേന്ദ്രീകരിച്ച് ഫീഡര്‍ സര്‍വീസിനായി ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് യാത്രക്കാരെ ബസ് സ്റ്റാൻഡുകളിലേക്ക് എത്തിക്കുന്നതാണ് ഫീഡര്‍ സര്‍വീസ്. ഇതിനായി ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി 50 ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.
കെടിഡിഎഫ്‌സി വഴിയാണ് ഓട്ടോകള്‍ വാങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ 500 ഇലക്ട്രിക് ഓട്ടോകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലും മൂന്നാം ഘട്ടത്തില്‍ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായി വാങ്ങുന്നതിനും ആലോചനയുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം, കിഫ്ബിയുടെ ധനസഹായത്തോടെ കെഎസ്ആര്‍ടിസി തിരുവനന്തപുരം സിറ്റിയ്ക്കായി 50 ഇലക്ട്രിക് ബസുകളും വാങ്ങും. ഇതിനായി 47.5 കോടി രൂപ കിഫ്ബി വഴി ധനസഹായം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നയം രൂപീകരിച്ച് നവീനമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത് എന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, ഇലക്ട്രിക് മോട്ടോര്‍ കാര്‍, പ്രൈവറ്റ് സര്‍വ്വീസ് വെഹിക്കിള്‍സ്, ഇലക്ട്രിക് ത്രീവീലര്‍ എന്നിവയുടെ ഒറ്റത്തവണ നികുതി വിലയുടെ 5% ആയി 2020-ലെ ഫിനാന്‍സ് ആക്ട് പ്രകാരം നിജപ്പെടുത്തിയിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ക്ക് 9% മുതല്‍ 21% വരെയാണ് ഒറ്റത്തവണ നികുതി.
ALSO READ ശിവൻ കുട്ടിക്കും മുഹമ്മദ് റിയാസിനും സിപിഎം എംഎല്‍എമാരുടെ രൂക്ഷവിമർശനം
ഏപ്രില്‍ ഒന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയില്‍ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ആദ്യത്തെ അഞ്ചുവര്‍ഷത്തെ തുകയുടെ 50% ഇളവും അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നികുതി രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ആദ്യത്തെ അഞ്ചുവര്‍ഷത്തേയ്ക്ക് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.