തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡീസൽ ബസുകൾ എൽഎൻജിയിലേക്ക് (ലിക്യുഫൈഡ് നാച്വറൽ ഗ്യാസ്) മാറ്റും. ഗുജറാത്ത് ആർടിസിയുടെ മാതൃകയിലാണ് ബസുകൾ എൽഎൻജിയിലേക്ക് മാറ്റുന്നത്. വഡോദരയിലെ ജിഎസ്ആർടിസിയുടെ എല്‍എന്‍ജി ബസുകള്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവും സംഘവും നേരില്‍ കണ്ട് വിലയിരുത്തിലിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
എൽഎൻജി ബസുകള്‍ക്ക് ശരാശരി 5.3 കിലോമീറ്റർ മൈലേജ് ഉണ്ട്. അതേസമയം കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ബസുകളുടെ മൈലേജ് പരമാവധി 5 കിലോമീറ്ററാണ്. ഗെയിലും സ്വകാര്യ കമ്പനിയായ ക്രയോഗ്യാസും ചേര്‍ന്നാണ് ഗുജറാത്ത് ആര്‍ടിസിക്കായി ബസുകൾ എല്‍എന്‍ജിയാക്കി മാറ്റിയത്.
പരിശീലനത്തിനായി ഡ്രൈവർമാർ ഗുജറാത്തിലേക്ക്: നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസിയുടെ അഞ്ച് ബസുകൾ എൽഎൻജിയിലേക്ക് മാറ്റാനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇത് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനോട് ആവശ്യപ്പെടും. കെഎസ്ആർടിസിയിലെ 10 ഡ്രൈവർമാരെ എൽഎൻജി ബസുകളിലെ പരിശീലനത്തിനായി ഗുജറാത്തിലേക്ക് അയക്കാനും തീരുമാനിച്ചു.
ഗെയില്‍ ഉദ്യോഗസ്ഥരുമായി ഗതാഗത വകുപ്പ് ഉടനെ ചർച്ച നടത്തും. എൽഎൻജിയുടെയും, സിഎൻജിയുടെയും വില കുറയുന്നതിന് അനുസരിച്ചാവും പരിവർത്തനം നടത്തുന്നത്. ഗുജറാത്തുമായുള്ള കരാർ അനുസരിച്ച് ബസിന്‍റെ പരിവര്‍ത്തനം, ഏറ്റെടുക്കുന്ന കമ്പനി തന്നെയാണ് നടത്തുന്നത്. അതിന് ആവശ്യമായ ചെലവ് ഗെയിലാണ് വഹിക്കുന്നത്. പകരം അഞ്ച് വര്‍ഷത്തേക്ക് ഇന്ധനം ഗെയിലില്‍ നിന്ന് വാങ്ങണം.
ബസുകൾ സിഎൻജിയിലേക്കും: സമ്മർദിത പ്രകൃതി വാതകത്തിന് വില കുറഞ്ഞ സാഹചര്യത്തിൽ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനും ഒരുങ്ങുകയാണ് കെഎസ്ആർടിസി. ഇത്തരത്തിൽ ഒരു ബസ് സിഎൻജിയിലേക്ക് മാറ്റുന്നതിന് അഞ്ച് ലക്ഷം രൂപയോളമാണ് ചെലവ്. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് ബസുകൾ സിഎൻജിയിലേക്ക് മാറ്റിയിരുന്നു. ഇവ വിജയമെന്ന് കണ്ടതോടെയാണ് കൂടുതൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ മാനേജ്മെന്‍റ് ആലോചിക്കുന്നത്.