തിരുവനന്തപുരം: യാത്രക്കാരെ വലച്ച് കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വെബ്സൈറ്റുകളിലാണ് അടിമുടി തകരാർ. www.keralartc.com, സ്വിഫ്റ്റ് ബസ് സർവീസുകൾ ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന online.keralartc.com എന്നീ വെബ്സൈറ്റുകളിലാണ് സാങ്കേതിക തകരാർ. ഇതോടെ ദീർഘദൂര യാത്രക്കാർക്ക് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകാതായതോടെ കെഎസ്ആർടിസി ഉപേക്ഷിച്ച് പ്രൈവറ്റ് ബസ് സർവീസുകളെ ആശ്രയിക്കുകയാണ് യാത്രക്കാർ.
പ്രശ്‌നം ഇങ്ങനെ: ടിക്കറ്റ് ബുക്ക് ചെയ്യുന്ന വ്യക്തി കെഎസ്ആർടിസിയുടെ വെബ്‌സൈറ്റുകളിൽ കയറി പോകേണ്ട സ്ഥലവും ബസും തെരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണവും വിവരങ്ങളും നൽകി ഓൺലൈനായി പണം നൽകാനുള്ള ഘട്ടം എത്തുമ്പോൾ വെബ് പേജ് അപ്രത്യക്ഷമാവുകയുമാണ്. നിരവധി യാത്രക്കാരാണ് ഇത്തരത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അഥവാ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചാൽ മണിക്കൂറുകൾക്ക് ശേഷമാണ് കൺഫർമേഷൻ സന്ദേശം ലഭിക്കുന്നത്.
പ്രശ്‌നം ഇവിടെയും തീർന്നില്ല. തകരാർ കാരണം തേടി കെഎസ്ആർടിസിയുടെ ഐടി വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ കൺട്രോൾ റൂമുമായി ബന്ധപ്പെടാനായിരുന്നു നിർദേശം. എന്നാൽ കൺട്രോൾ റൂം നമ്പറിൻ്റെ പ്രവർത്തനം നിലച്ചിട്ടും നാളേറെയായി. പരാതി അറിയിക്കാൻ യാത്രക്കാർ വിളിച്ചാലും ഇത് തന്നെയാണ് അവസ്ഥ.
പ്രശ്‌നം തുടങ്ങുന്നതിങ്ങനെ:കെഎസ്ആർടിസി സർവീസുകളുടെയും സ്വിഫ്റ്റ് സർവീസുകളുടെയും ടിക്കറ്റുകൾ ബുക്ക് ചെയ്‌തുകൊണ്ടിരുന്നത് www.keralartc.com എന്ന വെബ്സൈറ്റ് വഴിയായിരുന്നു. മെയ് ഒന്ന് മുതലാണ് സ്വിഫ്റ്റ് ബസുകൾ പ്രത്യേകം ബുക്ക് ചെയ്യുന്നതിന് onlineksrtcswift.com എന്ന വെബ്സൈറ്റ് ആരംഭിച്ചത്. ജൂൺ 21 മുതലാണ് സ്വിഫ്റ്റ് സർവീസ് നടത്തുന്ന എല്ലാ ബസുകളെയും പുതിയ ബുക്കിങ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സാങ്കേതിക തകരാറുണ്ടാകുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ബെംഗളൂരു, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊല്ലൂർ, കോയമ്പത്തൂർ, ഊട്ടി, പഴനി, ബത്തേരി, മാനന്തവാടി എന്നീ സ്വിഫ്റ്റിൻ്റെ ദീർഘദൂര സർവീസുകളെയാണ് ഈ സാങ്കേതിക തകരാർ കാര്യമായി ബാധിക്കുന്നത്. മാത്രമല്ല സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മാത്രം ബുക്ക് ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമ്പോൾ അത് ജനങ്ങളിലേക്കെത്തിക്കാൻ വേണ്ട പ്രചാരണം നൽകിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സാങ്കേതിക തകരാർ ഉടനടി പരിഹരിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെയും കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെയും ദീർഘദൂര സർവീസുകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയും. ഇത് മൂലമുണ്ടാകുന്ന വരുമാന നഷ്‌ടവും ചില്ലറയാവില്ല.
കൊറിയര്‍ സര്‍വീസുമായി കെഎസ്‌ആര്‍ടിസി:അടുത്തിടെ ചരക്ക് നീക്കം സുഗമമാക്കുന്നതിനായും കെഎസ്ആർടിസി പുതിയ സംവിധാനവുമൊരുക്കിയിരുന്നു. 16 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെവിടെയും കൊറിയര്‍, പാഴ്‌സല്‍ കൈമാറുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്‌റ്റിക്‌സ് സംവിധാനം ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഉദ്‌ഘാടനം ചെയ്‌തത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ മേയർ ആര്യ രാജേന്ദ്രനായിരുന്നു അധ്യക്ഷത വഹിച്ചത്. മാത്രമല്ല ചടങ്ങിൽ ഉദ്യോഗസ്ഥരും തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുത്തിരുന്നു.
ടിക്കറ്റേതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌ആര്‍ടിസി പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചത്. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി നിരവധി നവീന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും ഈ പദ്ധതികൾ കെഎസ്ആർടിസിയുടെ വരുമാന വർധനവിലും വൈവിധ്യവത്‌കരണത്തിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മാനേജ്മെന്‍റ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.