തിരുവനന്തപുരം:മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവിറക്കി കെഎസ്ആര്‍ടിസി. 1,195 ജീവനക്കാരുടെ പൊതുസ്ഥലം മാറ്റം സംബന്ധിച്ചാണ് മാനേജ്മെന്‍റ് ഉത്തരവിറക്കിയത്. സ്ഥലം മാറ്റം സംബന്ധിച്ച് കരട് പട്ടിക നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
332 ഫസ്റ്റ് ഗ്രേഡ് മെക്കാനിക്കൽ ജീവനക്കാരുടെയും 469 സെക്കൻഡ് ഗ്രേഡ് മെക്കാനിക്കൽ ജീവനക്കാരുടെയും 101 തേർഡ് ഗ്രേഡ് ബ്ലാക്ക്‌സ്‌മിത്ത് തസ്‌തിക, 133 നാലാം ഗ്രേഡ് ബ്ലാക്ക്‌സ്‌മിത്ത് തസ്‌തിക, 11 അഞ്ചാം ഗ്രേഡ് കോച്ച് ബിൽഡർ തസ്‌തിക വിഭാഗങ്ങളിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
നേരത്തെ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് സംബന്ധിച്ച ജില്ലാ ഓഫീസുകളിൽ നിന്നും ലഭ്യമാക്കിയ അപേക്ഷകൾ, ജീവനക്കാർ സമർപ്പിച്ച വ്യക്തിഗത അപേക്ഷകൾ, അംഗീകൃത തൊഴിലാളി സംഘടനകൾ നൽകിയ അപേക്ഷകൾ എന്നിവ പരിശോധിച്ച് അപാകതകൾ പരിഹരിച്ച ശേഷമാണ് സ്ഥലം മാറ്റല്‍ ഉത്തരവ് പുറത്തിറക്കിയത്. ഒക്‌ടോബര്‍ 1 വരെയുള്ള ജീവനക്കാരുടെ സ്ഥിതിവിവരക്കണക്കിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസത്തിന് ശേഷം സസ്പെൻഷനിൽ ആയവർ, അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവർ, ശൂന്യ വേതന അവധിയിൽ പ്രവേശിച്ചവർ, മരണപ്പെട്ടവർ തുടങ്ങിയവർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ അധികാരികൾ പരിശോധിച്ച് വിവരം ജനറൽ വിഭാഗത്തിൽ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ യൂണിറ്റുകളിൽ തിരിച്ചെത്തുമ്പോൾ വിടുതൽ ചെയ്യണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.