തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പതിവായി ശമ്പളം മുടങ്ങുന്നതിനെതിരെയുള്ള സമരം ശക്തമാക്കാന്‍ ഭരണപക്ഷ അനുകൂല സംഘടനകളുടെ തീരുമാനം. ഈ മാസത്തെ ശമ്പളം ഇതുവരെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇടതു സംഘടനകളായ സിഐടിയു, എഐടിയുസി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പട്ടിണി കഞ്ഞി വച്ചാണ് എഐടിയുസി പ്രതിഷേധിച്ചത്. മേഖല ഓഫീസുകള്‍ കേന്ദ്രീകരിച്ച് സിഐടിയുവിന്‍റെ പ്രതിഷേധം നടന്നു. നാളെ മുതല്‍ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് സമരം ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി എംപ്ലായിസ് യൂണിയന്‍റെ തീരുമാനം.
കെഎസ്ആര്‍ടിസി; ശമ്പളം വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കി തൊഴിലാളി സംഘടനകള്‍
20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും തുടര്‍ച്ചയായ അവധിയാണ് ബില്ലിങ് വൈകാൻ കാരണമെന്ന് കെഎസ്ആര്‍ടിസി
കഴിവുകെട്ട മാനേജ്‌മെന്‍റാണ് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഭരിക്കുന്നതെന്നും ശമ്പളം ഉടന്‍ നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും കെഎസ്ആര്‍ടിസി എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്തന്‍ പറഞ്ഞു. അലവന്‍സ് ഉള്‍പ്പെടെ 86 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് ഒരു മാസം ശമ്പളം നല്‍കാന്‍ വേണ്ടത്. സര്‍ക്കാര്‍ 20 കോടി സഹായം അനുവദിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അവധി ദിവസങ്ങളായതിനാല്‍ ബില്ലിങ്ങ് വൈകും. ഇനി പത്താം തിയതിയെങ്കിലും ശമ്പളം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.