തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചട്ടലംഘനവും അച്ചടക്കലംഘനവും നടത്തിയ ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ. വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്‌തത്. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനു, ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിങില്‍ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്‌ടർ ബിജു അഗസ്റ്റ്യൻ, പാറശാല ഡിപ്പോയിലെ ഐ.ആർ ഷാനു, എറണാകുളം ഡിപ്പോയിലെ എ.എസ് ബിജുകുമാർ, നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്‌ടർ ടി.ഐ സതീഷ്‌കുമാർ, കോഴിക്കോട് ഡിപ്പോയിലെ കണ്ടക്‌ടർ പി.ജെ പ്രദീപ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്.
കണ്ണില്‍പെട്ടു, പിടിവീണു: ഫെബ്രുവരി 28ന് അപകടകരമാംവിധം ബസ് ഓടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിലാണ് ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ.ബിനുവിനെ സസ്പെൻഡ് ചെയ്‌തത്. കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിങിൽ മദ്യപിച്ച് ഹാജരായതിനാണ് മൂലമറ്റം യൂണിറ്റിലെ കണ്ടക്‌ടർ ബിജു അഗസ്‌റ്റ്യനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്. ഫെബ്രുവരി 26 ന് പാറശാല ഡിപ്പോയിൽ നിന്ന് 200 ഗ്രാം ബ്രാസ് സ്ക്രാപ്പ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് ഐ.ആർ ഷാനുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്.
അടിമുടി ക്രമക്കേട്:ശിവരാത്രി ദിനത്തിൽ വെഹിക്കിൾ സൂപ്പർവൈസർ ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് എ.എസ് ബിജുകുമാറിനെ സസ്‌പെൻഡ് ചെയ്‌തത്. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്‌ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അക്കൗണ്ടിൽ നൽകിയ ശേഷം തിരികെ വാങ്ങുകയും, ആ തുകയിൽ തിരിമറി നടത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിലാണ് നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്‌ടർ ടി.ഐ സതീഷ്‌കുമാറിനെ സസ്പെൻഡ് ചെയ്‌തത്. മാത്രമല്ല കോഴിക്കോട് ഡിപ്പോയിൽ ബസിലെ യാത്രക്കാരനിൽ നിന്ന് ലഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടക്‌ടർ പി.ജെ പ്രദീപിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്.
ഇനി 'ഡിജിറ്റല്‍ മണി'യും വാങ്ങും:അതേസമയം കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്‍റ് സിസ്‌റ്റം വഴി പണം നൽകാനുള്ള സംവിധാനത്തിന്‍റെ ട്രയൽ റൺ വിജയകരമാണെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തൽ. അടുത്ത ആഴ്‌ച എൻഡ് ടു എൻഡ് സർവീസുകളിൽ ഈ സംവിധാനം നടപ്പാക്കും. ഒരു മാസത്തിനുള്ളിൽ സ്വിഫ്റ്റ് ബസുകളിലും ഡീലക്‌സ് മുതൽ മുകളിലേക്ക് ശ്രേണിയിൽപ്പെട്ട ബസുകളിലും ഈ സംവിധാനം നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. കണ്ടക്‌ടർ ഇല്ലാതെ സർവീസ് നടത്തുന്ന തിരുവനന്തപുരം - നെടുമ്പാശേരി, തിരുവനന്തപുരം - ഹൈക്കോടതി എന്നീ ലോ ഫ്ലോർ എസി ബസുകളിലാണ് ഈ സംവിധാനം ഒരാഴ്‌ചക്കകം ഏർപ്പെടുത്തുക. തുടർന്ന് ഏപ്രിലോടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലേക്ക് ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം ഏർപ്പെടുത്തും.
കണ്‍സഷനില്‍ വ്യക്തതയുമായി:വിദ്യാർഥികളുടെ കൺസഷനിൽ നിയന്ത്രണമേർപ്പെടുത്തി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പുതിയ മാർഗനിർദേശം പുറത്തിറക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്‍റണി രാജുവും രംഗത്തെത്തി. അർഹതയുള്ള എല്ലാവർക്കും ബസ് കൺസഷൻ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. വാർത്തകൾ അടിസ്ഥാനരഹിതമാണ്. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അടുത്ത വർഷം മുതൽ ഓൺലൈനായാണ് കൺസഷൻ നൽകുകയെന്നും അതിനുള്ള ക്രമീകരണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അർഹതയുള്ള എല്ലാവർക്കും കൺസഷൻ നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.