തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തുടർച്ചയായ നാലാം ദിവസവും സർവീസുകൾ മുടങ്ങും. യാത്രക്ക് ബുദ്ധിമുട്ടുള്ള റൂട്ടുകൾ കണ്ടെത്തിയും, തിരക്ക് പരിഗണിച്ച് സർവീസ് ക്രമീകരിച്ചുമാകും ബസുകൾ ഇന്ന് നിരത്തിലിറങ്ങുക. അതേസമയം, ഇന്ന് പ്രവൃത്തി ദിനമായതിനാൽ ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ പരമാവധി ബസുകൾ നിരത്തിലിറക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
'ഇന്നും സര്‍വീസ് മുടങ്ങും': കെഎസ്ആർടിസിയുടെ പ്രതീക്ഷ സർക്കാർ അനുവദിച്ച 20 കോടിയില്‍ - കെഎസ്ആർടിസി പ്രതിസന്ധി
ഡീസൽ പ്രതിസന്ധിയില്‍ നാലാം ദിവസവും കെഎസ്ആർടിസി സർവീസുകൾ മുടങ്ങും, താല്‍കാലിക പ്രതീക്ഷ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച തുക
നിലവിലെ സാഹചര്യത്തിൽ ചൊവ്വാഴ്ചയോടെ (09.08.2022) ഡീസൽ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇന്നത്തെ കലക്ഷനിൽ നിന്നും ഒരു കോടി രൂപ ഡീസലിനായി മാറ്റി വയ്ക്കാനും മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി മറ്റന്നാൾ (10.08.2022) കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തും.
കെഎസ്ആർടിസിയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ജൂലൈ മാസത്തെ ശമ്പളം നൽകുന്നതിനുമായി 123 കോടി രൂപ കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണ കമ്പനികൾക്ക് നൽകാനുള്ള 13 കോടിയിൽ ഒരു കോടി രൂപ കെഎസ്ആർടിസി ഇന്ന് കൊടുക്കും. ഇതോടെ കുറച്ച് സർവീസുകൾക്ക് ഉച്ച കഴിഞ്ഞു ഡീസൽ ലഭ്യമാക്കാൻ കഴിയും. ദിവസവരുമാനത്തിലെ പണമെടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതാണ് കെഎസ്ആർടിസിയിലെ നിലവിലെ പ്രതിസന്ധിക്കു കാരണം.