തിരുവനന്തപുരം :ചരക്ക് നീക്കം സുഗമമാക്കുന്നതിന് പുതിയ സംവിധാനവുമായി കെഎസ്ആർടിസി. 16 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെവിടെയും കൊറിയര്‍, പാഴ്‌സല്‍ കൈമാറുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് (15-06-2023) രാവിലെ 11 മണിക്ക് ഉദ്‌ഘാടനം ചെയ്യും.
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉദ്യോഗസ്ഥരും തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് ഉദ്‌ഘാടന ചടങ്ങ് നടക്കുക. ടിക്കറ്റേതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനത്തിന് ഇന്ന് തുടക്കം കുറിക്കാൻ മാനേജ്മെന്‍റ് ഒരുങ്ങുന്നത്.
കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി നിരവധി നവീന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും ഈ പദ്ധതികൾ കെഎസ്ആർടിസിയുടെ വരുമാന വർധനവിലും വൈവിധ്യ വത്‌കരണത്തിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മാനേജ്മെന്‍റ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, യാത്രക്കാർ ഏറെയുള്ള സിറ്റി സർക്കുലർ സർവീസുകൾ കൂടുതൽ വിപുലീകരിക്കാൻ കെഎസ്ആർടിസി പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങി. 113 ബസുകളാണ് വാങ്ങിയത്.
ഇവയിൽ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റിന്‍റെ ആസ്ഥാനത്തെത്തി. ബാക്കിയുള്ളവ ഉടൻ എത്തും. ഒമ്പത് മീറ്റർ നീളമാണ് ബസുകൾക്കുള്ളത്. ഇവ നഗര പ്രദേശങ്ങളിലെ ഉപയോഗത്തിന് അനുയോജ്യമാണ്.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ 1 മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്. ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനുമാണ് സീറ്റ് ബെൽറ്റ് നിർബന്ധം.