തിരുവനന്തപുരം : കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ (KSRTC CMD Biju Prabhakar) അവധി ഈ മാസം 31 വരെ നീട്ടി. നേരത്തെ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 13 വരെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവധി ഈ മാസം 31 വരെ നീട്ടിയിരിക്കുന്നത്. ബിജു പ്രഭാകറിൻ്റെ അഭാവത്തിൽ കെഎസ്ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ പ്രമോജ് ശങ്കറിന് സിഎംഡിയുടെ അധിക ചുമതല നൽകി (Pramoj Shankar has additional charge of CMD). കെ ആർ ജ്യോതിലാലിനാണ് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതല.
അതേസമയം ജീവനക്കാർക്ക് ശമ്പളം നൽകാനാകാതെ കുഴയുകയാണ് കെഎസ്ആർടിസി മാനേജ്മെന്‍റ്. സെപ്റ്റംബർ മാസത്തിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു ഇതുവരെ ജീവനക്കാർക്ക് നൽകിയിട്ടില്ല. ഇനിയും 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചാൽ മാത്രമേ രണ്ടാം ഗഡു വിതരണം സാധ്യമാകൂവെന്നാണ് മാനേജ്മെന്‍റ് വാദം. നേരത്തെ സർക്കാർ അനുവദിച്ച 30 കോടി ഉപയോഗിച്ചാണ് ആദ്യ ഗഡു വിതരണം ചെയ്‌തത്.
സർക്കാർ വകുപ്പുകളിലേക്കും കോർപറേഷനുകളിലേക്കും കെഎസ്ആർടിസി ജീവനക്കാർക്ക് ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. നിരവധി പേരാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യാൻ സന്നദ്ധത അറിയിച്ചട്ടുള്ളത്. സ്ഥിര ജീവനക്കാരുടെ എണ്ണം 25,000ത്തിൽ നിന്നും 15,000ത്തിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഇതിലൂടെ പ്രതിമാസ ശമ്പള ചെലവ് 83 കോടിയിൽ നിന്ന് 50 കോടിയാക്കി കുറയ്ക്കാനാകുമെന്നും മാനേജ്മെൻ്റ് വിലയിരുത്തുന്നു. നിലവിലെ റിപ്പോർട്ട് പ്രകാരം 2017 മുതൽ ഏർപ്പെടുത്തിയ നിയമന നിരോധനം തുടരും.
ആൻഡ്രോയ്‌ഡ് ഇടിഎം വാങ്ങാൻ കെഎസ്ആർടിസി:ടിക്കറ്റ് മെഷീനുകൾ വ്യാപകമായി തകരാറിലാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ ആൻഡ്രോയ്‌ഡ് ഇടിഎം വാങ്ങാനൊരുങ്ങുന്നത്. കെഎസ്ആർടിസിയുടെ പ്രോജക്‌ട് മാനേജ്മെന്‍റ് കൺസൾട്ടൻസിയായ കെ റെയിൽ (കേരള റെയിൽ ഡവലപ്മെന്‍റ് കോർപറേഷൻ) ആണ് ഇടിഎം മെഷീനുകൾ വാങ്ങുന്നത്. ഇതിനായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലോ (Chalo) എന്ന കമ്പനിയുമായി കെ റെയിൽ കരാറിലേർപ്പെട്ടതായാണ് വിവരം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നേരിടുന്നതിനാൽ കെഎസ്ആർടിസിയോ കെ-റെയിലിലെ ബന്ധപ്പെട്ട അധികൃതരോ ഇത് സംബന്ധിച്ച ചെലവ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആൻഡ്രോയ്‌ഡ് ഇടിഎം സംബന്ധിച്ച് ടെക്‌നിക്കൽ വിഭാഗം ജനറൽ മാനേജർ ആർ ചന്ദ്രബാബുവിനോട് വിവരം തെരക്കിയപ്പോൾ എന്ത് വിഷയത്തെ കുറിച്ചായാലും പ്രതികരിക്കാൻ തയാറല്ലെന്നും ഈ വിഷയത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ തനിക്കറിയില്ലെന്നുമായിരുന്നു പ്രതികരണം.