കേരളം

kerala

ETV Bharat / state

'മദ്യവും അരിയും കടത്തുന്ന ജീവനക്കാര്‍ കെഎസ്ആർടിസിയിലുണ്ട്'; മന്ത്രിയേയും എംഡിയേയും വില്ലന്മാരാക്കാന്‍ ശ്രമമെന്ന് ബിജു പ്രഭാകർ - ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവ്

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവിലൂടെയാണ് ജീവനക്കാര്‍ക്കെതിരെ ആരോപണമുന്നയിച്ചത്

KSRTC CMD Biju Prabhakar against Employees  Biju Prabhakar against KSRTC Employees  കെഎസ്ആർടിസി  കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ
ബിജു പ്രഭാകർ

By

Published : Jul 16, 2023, 9:19 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർക്കെതിരെ വീണ്ടും ഗുരുതര ആരോപണമുന്നയിച്ച് സിഎംഡി ബിജു പ്രഭാകർ രംഗത്ത്. കെഎസ്ആർടിസി ജീവനക്കാരിൽ, മാഹിയിൽ നിന്ന് മദ്യം കടത്തുന്നവരും നാഗർകോവിലിൽ നിന്ന് അരി കടത്തുന്നവരുമുണ്ടെന്ന് ബിജു പ്രഭാകർ ആരോപിച്ചു. ഫേസ്ബുക്കിലൂടെ നടത്തുന്ന വിശദീകരണ പരിപാടിയുടെ രണ്ടാം ഭാഗത്തിലാണ് അദ്ദേഹത്തിന്‍റെ ആരോപണം.

കെഎസ്ആർടിസി മാനേജ്മെന്‍റിനെതിരെ നിരന്തരം കള്ള വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഗതാഗത മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുകയാണ് ചെയ്യുന്നത്. ഇതിനെല്ലാം പിന്നിൽ കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ്. സ്വിഫ്റ്റ്, കെഎസ്ആർടിസിക്ക് ഭീഷണിയാണെന്നത് വ്യാജ പ്രചാരണമാണ്. കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാർ സ്വന്തമായി കൊറിയർ സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരുവിൽ നിന്ന് സാധനം വാങ്ങി കച്ചവടം നടത്തുന്നവർക്കാണ് സ്വിഫ്റ്റ് വന്നതിൽ വിഷമം.

ജീവനക്കാർക്ക് എതിരെ നടപടിയെടുത്താൽ ആരും പണി ചെയ്യില്ലെന്ന് തന്നെ ഭീഷണിപ്പെടുത്തി. ഇങ്ങനെ ചെയ്‌താൽ ആർക്കാണ് നഷ്‌ടമെന്ന് ജീവനക്കാർ തന്നെ ചിന്തിക്കണം. പണ്ട് നിലവിൽ ഉണ്ടായിരുന്ന രീതിയിൽ മുന്നോട്ട് പോകാൻ ആകില്ല. കെഎസ്ആർടിസിയുടെ അന്തകൻ സ്വിഫ്റ്റ് ആണെന്നുള്ള പ്രചാരണം തെറ്റാണ്. കെഎസ്ആർടിസിക്കുള്ളിലാണ് സ്വിഫ്റ്റിന്‍റെ കലക്ഷൻ അടയ്ക്കുന്നത്. 1,180 ബസുകളും നിലവിൽ കട്ടപ്പുറത്താണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്നും ബിജു പ്രഭാകർ പറഞ്ഞു. സ്വിഫ്റ്റ് വന്നതോടെ നഷ്‌ടങ്ങൾ ഉണ്ടാകുന്ന ചില ആളുകൾ കെഎസ്ആർടിസിയിൽ ഉണ്ട്. അത് കേരളത്തിലെ ജനങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'സ്വിഫ്റ്റില്‍ ഉള്ളവരും അത്ര പുണ്യാളന്മാരല്ല':എത്ര ഡ്രൈവർമാര്‍ കെഎസ്ആർടിസിക്കുള്ളിൽ സ്വന്തമായി കൊറിയർ സർവീസ് നടത്തുന്നുണ്ടെന്നുള്ള കാര്യം ജനങ്ങൾക്ക് അറിയാമോ എന്നും ബിജു പ്രഭാകർ ചോദിച്ചു. സ്വിഫ്റ്റ് ബസുകളിൽ ഉള്ളവരും അത്ര പുണ്യാളന്മാര്‍ അല്ല. അതുകൊണ്ടാണ് പരിശോധന നടത്തേണ്ടി വരുന്നത്. നിലവിൽ 10,000 രൂപ ഫീസ് വരുന്ന സാധനങ്ങൾക്ക് 2,000 രൂപ ഡ്രൈവർക്ക് കൊടുത്താൽ കടത്താമെന്ന അവസ്ഥയാണുള്ളത്. ഇത് കെഎസ്ആർടിസിക്ക് ലഭിക്കേണ്ട വരുമാനമാണെന്നും ബിജു പ്രഭാകർ പറഞ്ഞു.

അതേസമയം എംഡിക്കെതിരെ രൂക്ഷവിർശനമാണ് തൊഴിലാളി സംഘടനകൾ ഉന്നയിച്ചത്. ഐഎൻടിയുസിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് പിതാവിനെ ഓർക്കണമായിരുന്നുവെന്ന് കെഎസ്ആർടിസിയുടെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ പറഞ്ഞു. സിഎംഡിക്ക് ഏത് ഘട്ടത്തിലും പദവി ഒഴിഞ്ഞുപോകാം. സർക്കാരും സിഎംഡിയും നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മാനേജ്‌മെന്‍റ് എടുത്ത തീരുമാനങ്ങൾ എല്ലാം അംഗീകരിച്ചിട്ടുണ്ട്. ഐഎൻടിയുസിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് പിതാവിനെ ഓർക്കണമായിരുന്നു. ഐഎൻടിയുസി അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ല. അദ്ദേഹം അന്വേഷിച്ചിട്ടില്ല. നിജസ്ഥിതി അറിയാൻ അല്ല അദ്ദേഹത്തിന് താത്‌പര്യം. മാസവരി പിരിക്കുന്ന 150 രൂപയില്‍ 100 രൂപ തൊഴിലാളികളുടെ ക്ഷേമ നിധിയിലേക്കാണ്. പ്രവര്‍ത്തന ഫണ്ടായി 50 രൂപ മാത്രമാണ് എടുക്കുന്നത്. സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് പണം പിരിക്കുന്നത്. 2016ന് ശേഷം കെഎസ്ആർടിസി കണക്ക് ഓഡിറ്റ് ചെയ്‌തിട്ടില്ലെന്നും എം വിൻസെന്‍റ് ആരോപിച്ചു.

ABOUT THE AUTHOR

...view details