തിരുവനന്തപുരം : കെഎസ്‌ആർടിസി (KSRTC) ബസുകളിൽ സീറ്റ് ബെൽറ്റ് (Seat Belt) ഘടിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. 5200 ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികളാണ് പൂർത്തീകരിച്ചത്. ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുന്നിൽ ഇരിക്കുന്ന യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് നടപടി.
ഇതിനാവശ്യമായ ഘടകങ്ങൾ രണ്ടാഴ്‌ചക്കുള്ളിൽ എത്തുമെന്നാണ് അധികൃതർ നൽകുന്ന വിവരം. സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവറും കോ ഡ്രൈവറും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നായിരുന്നു നേരത്തെ ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചതെങ്കിൽ പിന്നീട് സമയപരിധി ഒക്‌ടോബർ 31 വരെ നീട്ടുകയായിരുന്നു. ഇതോടെ നവംബർ ഒന്ന് മുതൽ കെഎസ്‌ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാകും.
പഴയ കെഎസ്‌ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് ഇല്ല. അതിനാലാണ് പ്രത്യേകമായി സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികളിലേക്ക് മാനേജ്‌മെന്‍റ് കടന്നത്. അതേസമയം സ്വിഫ്‌റ്റ് ബസുകളിളെല്ലാം തന്നെ നിര്‍മാണവേളയില്‍ തന്നെ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്.
പുതിയ ഉത്തരവ് അനുസരിച്ച് 1994 മുതലുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. നേരത്തെ 2005 മുതലുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നായിരുന്നു ഗതാഗത മന്ത്രി അറിയിച്ചിരുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്.