തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ കരാർ അടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയമിക്കുന്നു. കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ കീഴിൽ സർവീസ് നടത്തുന്ന ഇലക്‌ട്രിക് ഉൾപ്പെടെയുള്ള ബസുകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയോഗിക്കുക. കഴിഞ്ഞ ആഴ്‌ച കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറും സ്വിഫ്റ്റ് മാനേജ്മെന്‍റ് ബോർഡും തമ്മിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
എന്നാൽ എത്ര ഒഴിവുകളാണുള്ളതെന്ന് തീരുമാനിച്ചിട്ടില്ല. മെയ് ഏഴിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കാനാണ് നിർദേശം. ഏപ്രിൽ 26 നാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിനികൾ തിരുവനന്തപുരം ജില്ല പരിധിയിലെ സർവീസുകൾക്ക് അനുസൃതമായി രാവിലെ അഞ്ച് മണിക്കും രാത്രി 10 നും ഇടയിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ദിവസ വേതന വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അർഹമായ ഇൻസെന്‍റീവ്, അലവൻസുകൾ, ബാറ്റ എന്നിവ നൽകും. സൈൻ ഇൻ സൈൻ ഓഫ് അടക്കമുള്ള എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അധികം വരുന്ന ഓരോ മണിക്കൂറിനും 130 രൂപ നിരക്കിൽ അധിക സമയത്തിന് അനുപാതികമായി വേതനം നൽകും.
കരാറിലേർപ്പെട്ട് ട്രെയിനിങ് പൂർത്തിയാക്കുന്ന ഉദ്യോഗാർഥിനികൾ 12 മാസം തുടർച്ചയായി കെഎസ്ആർടിസി സ്വിഫ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ട തസ്‌തികയിൽ ജോലി ചെയ്യണം. ഓരോ മാസവും കുറഞ്ഞത് 16 ഡ്യൂട്ടി നിർവ്വഹിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിനികൾ കരുതൽ നിക്ഷേപമായി കെഎസ്ആർടിസി എംഡിയുടെ പേരിൽ 30,000 രൂപ പലിശരഹിത സെക്യൂരിറ്റി ഡിപ്പോസിറ്റ് ഒടുക്കണം.