തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ബസ് യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പിന്‍റെ (എംവിഡി) കണക്ക്. എംവിഡിയുടെ കണക്ക് പ്രകാരം കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്ക് 68 ലക്ഷം യാത്രക്കാരെയാണ് നഷ്‌ടമായത്. 2013ൽ പ്രതിദിനം 1.32 കോടി യാത്രക്കാർ ബസുകളെ ആശ്രയിച്ചിരുന്നെങ്കില്‍ 2023 ആവുമ്പോള്‍ ഒരു ദിവസം ഇത് കേവലം 64 ലക്ഷത്തിനടുത്താണെന്ന് കണക്ക് പറയുന്നു.
ഒരു ബസ് സര്‍വീസ് നിര്‍ത്തുന്നതോടെ കുറഞ്ഞത് 550 പേരുടെ യാത്രാസൗകര്യമെങ്കിലും ഇല്ലാതാകും. ഒരു റൂട്ടിൽ ഒരു ബസ് സർവീസ് അവസാനിപ്പിക്കുമ്പോള്‍ അതിൽ യാത്ര ചെയ്‌തിരുന്ന 20 പേരെങ്കിലും ഇരുചക്രവാഹനങ്ങളിലേക്ക് മാറിയെന്നാണ് കണക്കുകള്‍. സമയനഷ്‌ടം ഒഴിവാക്കാൻ ബസ് യാത്ര ഉപേക്ഷിക്കുന്നവർ ഏറെയാണ്. ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വർധിച്ചതും ബസ് യാത്ര കുറയാൻ കാരണമായി.