കേരളം

kerala

ETV Bharat / state

വെള്ളിയാഴ്ച റെക്കോഡ് ഉപഭോഗം: ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ ബദല്‍ മാര്‍ഗവുമായി കെ.എസ്.ഇ.ബി - കല്‍ക്കരി

സംസ്ഥാനത്തെ നിലവിലെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി മൂന്ന് പുതിയ ജലവൈദ്യുത പദ്ധതികള്‍ കമ്മിഷന്‍ ചെയ്യുന്നതിലൂടെ 118 മെഗാവാട്ട് വൈദ്യുതി കൂടി ഉത്പാദിപ്പിക്കാനാവും

കെ.എസ്.ഇ.ബി  KSEB has come up with alternative ways to overcome the energy crisis  താപനിലയങ്ങള്‍  ഊര്‍ജ പ്രതിസന്ധി  വൈദ്യുതി ബോര്‍ഡ്  വൈദ്യുതി  കല്‍ക്കരി  കല്‍ക്കരി ക്ഷാമം
ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങളിലേക്ക് കടന്ന് കെ.എസ്.ഇ.ബി

By

Published : Apr 30, 2022, 2:07 PM IST

തിരുവനന്തപുരം: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നു രാജ്യത്തുണ്ടായ ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഊര്‍ജിതമായ ശ്രമം ആരംഭിച്ചു. ജല വൈദ്യുത നിലയങ്ങളില്‍ നിന്ന് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിയ താപ നിലയങ്ങളില്‍ നിന്ന് വീണ്ടും വൈദ്യുതി ഉത്പാദിച്ച് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരും ബോര്‍ഡും നീക്കം തുടങ്ങി. ഇവിടെ നിന്നുള്ള വൈദ്യുതിക്ക് ചെലവേറിയതിനാലാണ് ഉത്പാദനം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നത്.

എന്‍.ടി.പി.സിയുടെ കായംകുളം താപനിലയത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി മധ്യപ്രദേശില്‍ നിന്ന് നാഫ്ത ഉടന്‍ എത്തിക്കും. എങ്കിലും ഇവിടെ ഉത്പാദനം പുനരാംരംഭിക്കാന്‍ 45 ദിവസം വേണ്ടിവരും. 1400 മെഗാവാട്ട് വരെ ഉത്പാദന ശേഷി കായംകുളം താപനിലയത്തിനുണ്ട്.

ഇവിടെ നിന്നുള്ള വൈദ്യുതി യൂണിറ്റിന് പരമാവധി 16 രൂപയാണ് വില. കോഴിക്കോട് നല്ലളം ഡീസല്‍പ്ലാന്‍രില്‍ നിന്ന് വൈദ്യുതി ഉത്പാദനത്തിന് ഡീസല്‍ വാങ്ങാന്‍ 4.5 കോടി രൂപ വൈദ്യുതി ബോര്‍ഡ് അനുവദിച്ചു. ഉത്പാദനം ആരംഭിച്ചാല്‍ യൂണിറ്റിന് 11 രൂപയ്ക്ക് 90 മെഗാവാട്ട് വൈദ്യുതി കെ.എസ്.ഇ.ബിക്ക് ലഭിക്കും.

മൂന്ന് പുതിയ ജലവൈദ്യുത പദ്ധതികള്‍ ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യുമ്പോള്‍ 118 മെഗാവാട്ട് വൈദ്യുതി കൂടി ഉത്പാദിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി. വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഇന്നലെ 400 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. എന്നാല്‍ ദേശീയ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് അപ്രതീക്ഷിതമായി 150 മെഗാവാട്ട് ലഭിക്കുകയും സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുകയും ചെയ്തതിനാല്‍ വലിയ പ്രതിസന്ധിയിലേക്ക് പോകാതെ പിടിച്ചു നില്‍ക്കാന്‍ ബോര്‍ഡിനായി.

മെയ് 1ന് അവധിയായതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ്. നിയന്ത്രിതമായ ഫീഡര്‍ അഡ്‌ജസ്റ്റ്മെന്‍റ് കൂടിയാകുമ്പോള്‍ വലിയ പ്രതിസന്ധിയില്ലാതെ മെയ് 1 കടന്നു പോകുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ്. ആന്ധയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുമെന്നും പ്രതിസന്ധി മെയ് ഒന്നോടെ തീരുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.

ഇന്നലത്തെ ഉപഭോഗം 93.37 ദശലക്ഷം യൂണിറ്റ്:ഏപ്രില്‍ 29ന്(ഇന്നലെ) 93.3701 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഉപഭോഗം. ഇതില്‍ 34.3988 ദശലക്ഷം യൂണിറ്റ് വൈദ്യുതി ജലവൈദ്യതി നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ചു. ഇടുക്കി, ശബരിഗിരി, ഇടമലയാര്‍, ഷോളയാര്‍, പള്ളിവാസല്‍ എന്നീ നിലയങ്ങളില്‍ നിന്നു മാത്രമുള്ള ഇന്നലത്തെ ഉത്പാദനം 22.7536 ദശലക്ഷം യൂണിറ്റായിരുന്നു. ഇവയുള്‍പ്പെടെ 14 ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് പരമാവധി ഉത്പാദനം നടത്തുന്നുണ്ട്.

റഷ്യ-യുക്രൈന്‍ യുദ്ധമാണ് പ്രശ്‌നം:ആറുമാസം മുന്‍പും രാജ്യത്ത് കല്‍ക്കരി ക്ഷാമമുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം റഷ്യ-യുക്രൈന്‍ യുദ്ധമാണെന്നാണ് വിലയിരുത്തല്‍. ഇതു മൂലം കല്‍ക്കരി ഇറക്കുമതി ഗണ്യമായി കുറഞ്ഞു. കേരളത്തില്‍ രാത്രി ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും താപവൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. കേരളത്തിന് വൈദ്യുതി നല്‍കുന്ന 27 കല്‍ക്കരി നിലയങ്ങളില്‍ എന്‍.ടി.പി.എല്‍, ജാബുവ, മജിയ എന്നീ മൂന്നു നിലയങ്ങളെ കല്‍ക്കരി ക്ഷാമം ബാധിച്ചിട്ടുണ്ട്. ഈ നിലയങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. ഇതു മൂലം 78 മെഗാവാട്ടാണ് കുറവു വന്നത്. പുറത്തു നിന്ന് വൈദ്യുതി കൊണ്ടു വന്നു കൊണ്ടിരുന്ന വ്യാവസായിക ഉപഭോക്താക്കള്‍ വൈദ്യുതി വല വര്‍ധന മൂലം കെ.എസ്.ഇ.ബിയെ ആശ്രയിക്കാന്‍ തുടങ്ങിയതും പ്രതിസന്ധി വര്‍ധിക്കാന്‍ കാരണമായി.

വീട്ടുകാര്‍ സ്വയം നിയന്ത്രിക്കണമെന്ന് ചെയര്‍മാന്‍:എല്ലാ ഗാര്‍ഹിക ഉപഭോക്താക്കളും മനസുവച്ചാല്‍ 75 മുതല്‍ 100 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാനാകുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ.ബി.അശോക് പറഞ്ഞു. വീടുകളിലെ വൈദ്യുതി ഉപയോഗത്തില്‍ സ്വയം അല്‍പ്പം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയാകും.

also read: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും

ABOUT THE AUTHOR

...view details