തിരുവനന്തപുരം:കോതമംഗലത്തെ വാഴ കർഷകൻ തോമസിന് നഷ്‌ടപരിഹാരവുമായി വൈദ്യുതി വകുപ്പ്. കെഎസ്ഇബി വെട്ടി മാറ്റിയ 406 വാഴകൾക്ക് പരിഹാരമായി 3.5 ലക്ഷം രൂപ നൽകാനാണ് തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടിയും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
പണം കെഎസ്ഇബി തന്നെ നൽകും. ചിങ്ങം ഒന്നിന് പണം നൽകാനാണ് തീരുമാനം. കർഷകനെ മുൻകൂട്ടി അറിയിക്കുക പോലും ചെയ്യാതെ കെഎസ്ഇബി നടത്തിയ ക്രൂരകൃത്യം വാർത്തയായതിന് പിന്നാലെ വ്യാപക വിമർശനമാണ് വൈദ്യുതി വകുപ്പിനെതിരെ ഉയർന്നു വന്നത്. കൃഷി വകുപ്പ് മന്ത്രി പി പ്രസാദും വിമർശനം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് മന്ത്രി പ്രസാദ് വൈദ്യുതി വകുപ്പ് മന്ത്രിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടാണ് കോതമംഗലത്തെ ഇളങ്ങവം വാരപ്പെട്ടി സ്വദേശി തോമസിന്‍റെയും മകന്‍ അനിഷിന്‍റെയും വിളവെടുക്കാറായ വാഴകള്‍ കെഎസ്‌ഇബി ജീവനക്കാരെത്തി വെട്ടി മാറ്റിയത്. രണ്ടര ഏക്കറിലുണ്ടായിരുന്ന വാഴയില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. വാഴകള്‍ വളര്‍ന്ന് വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്നത് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വാഴകള്‍ കെഎസ്‌ഇബി ജീവനക്കാരെത്തി വെട്ടിയത്.