തിരുവനന്തപുരം:ഭാരവാഹികളെ നിശ്ചയികാത്തതിനാല്‍ കെ.പി.സി.സി പുനഃസംഘടന പ്രതിസന്ധിയില്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി സംസ്ഥാന അദ്ധ്യക്ഷനായി 15 മാസം പിന്നിട്ടിട്ടും ഭാരവാഹികളെ തിരഞ്ഞെടുത്തിട്ടില്ല. അതിനാല്‍ തന്നെ ദൈനം ദിന സംഘടനാകാര്യങ്ങള്‍ പോലും പ്രതിസന്ധിയിലാണ്. മുല്ലപ്പള്ളിക്കൊപ്പം നിയമിച്ച കെ സുധാകരന്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ മാത്രാണ് വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ എന്ന നിലയില്‍ നിലവില്‍ കെ.പി.സി.സി ഭാരവാഹികളായുള്ളത്. ഇവര്‍ രണ്ടുപേരും തിരക്കിലായതിനാല്‍ നിലവില്‍ മുല്ലപ്പള്ളി മാത്രമാണ് പ്രവര്‍ത്തന രംഗത്തുള്ളത്. കെ.പി.സി.സി ഭാരവാഹികളായി എ.ഐ ഗ്രൂപ്പുകള്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ആകെ 130 പേരാണുള്ളത്. 130 പേരുള്ള ജംബോ പട്ടിക മുല്ലപ്പള്ളി ശക്തമായി എതിര്‍ത്തിരുന്നു.
ഭാരവാഹികളെ നിശ്ചയിച്ചില്ല; കെ.പി.സി.സി പുനഃസംഘടന പ്രതിസന്ധിയില്‍ - കെ.മുരളീധരന്‍
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനും പൗരത്വ ഭേദഗതി പ്രക്ഷോഭത്തിനും ശേഷമേ കെ.പി.സി.സി ഭാരവവാഹികളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഒരു തീരുമാനത്തിലേക്ക് നീങ്ങാനിടയുള്ളൂവെന്നാണ് സൂചന
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ 16 പേരുള്ള പുതിയ ഭാരവാഹി പട്ടികയാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിന്‍റെ പരിഗണനയിലുള്ളത്. ഇതിനു പുറമേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍ എം.പി, കെ.വി.തോമസ്, പി.സി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വെവ്വേറെ ഭാരവാഹി പട്ടിക നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇനി ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനും പൗരത്വ ഭേദഗതി പ്രക്ഷോഭത്തിനും ശേഷമേ കെ.പി.സി.സി ഭാരവവാഹികളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഒരു തീരുമാനത്തിലേക്ക് നീങ്ങാനിടയുള്ളൂവെന്നാണ് സൂചന.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യാത്താകമാനം പടര്‍ന്നു പിടിച്ചിട്ടും കേരളത്തില്‍ അതിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് മുന്നോട്ടു വരാത്തതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. പാര്‍ട്ടി പുനഃസംഘടന വൈകുന്നതാണിതിനു കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സംസ്ഥാന വ്യാപകമായി ഇന്ന് ഡി.സി.സികള്‍ നടത്തിയ പൗരത്വ പ്രതിഷേധം തുടര്‍ പ്രക്ഷോഭമാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതു വികാരമെങ്കിലും ഭാരവാഹികളില്ലാതെ എങ്ങനെ ഇതു മുന്നോട്ടു കൊണ്ടു പോകും എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. താനും പ്രതിപക്ഷ നേതാവും മാത്രം വിചാരിച്ചാല്‍ തീരുന്നതല്ല കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെന്നായിരുന്നു ഭാരവാഹി പട്ടിക വൈകുന്നതു സംബന്ധിച്ച ചോദ്യത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.