തിരുവനന്തപുരം: കൊവിഡ് 19ന്‍റെ ഭാഗമായി നടക്കുന്ന സർക്കാർ നടപടികൾക്ക് കെപിസിസിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കാൻ തൃപ്തികരമായ നടപടിയുണ്ടാകണം. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരെ പരിശോധിക്കാൻ നടപടി വൈകിയത് അധികൃതരുടെ പിടിപ്പുകേടാണെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് കേരളത്തെ കുറിച്ച് ഭീതി പരത്താനിടയാക്കും. ലോക്സഭയും രാജ്യസഭയും സമ്മേളിക്കുമ്പോൾ കേരള നിയമസഭ നിർത്തേണ്ടതില്ല. ഇറ്റലിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര ഇടപെടൽ വേണം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വന്ന് തിരികെ പോകാൻ കഴിയാത്തവർക്ക് വിസ കാലാവധി ദീർഘിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കേണ്ടത് വിദഗ്ധരാണ്. വിദഗ്ധർ പറഞ്ഞാൽ അതിന് കുറച്ചു കൂടി വിശ്വാസ്യത ഉണ്ടാകുമായിരുന്നു. മദ്യശാലകൾ അടച്ചിടാത്തത് വരുമാനം മാത്രം ഉദ്ദേശിച്ചാണെന്നും മുല്ലപ്പള്ളി പറഞ്ഞു. വേട്ടേഴ്സ് ലിസ്റ്റ് നടപടിക്രമങ്ങൾ നിർത്തി വയ്ക്കണം. ഗവൺമെന്‍റ് ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. സർവകക്ഷി യോഗം അടിയന്തരമായി വിളിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.