കേരളം

kerala

ETV Bharat / state

'എ.കെ.ജി സെന്‍റര്‍ വേസ്റ്റ് കളക്ഷന്‍ സെന്‍ററായി' ; സി.പി.എം വഴിയമ്പലമായി അധപ്പതിച്ചെന്ന് കെ സുധാകരന്‍

'പുറത്താക്കപ്പെട്ടവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തം'

By

Published : Sep 14, 2021, 8:02 PM IST

kp anilkumar  kpcc president k sudhakaran  kpcc president  k sudhakaran  സി.പി.എം  രാഷ്ട്രീയപാപ്പരത്തം  കെ സുധാകരന്‍  സി.പി.എം വഴിയമ്പലം  കെ. സുധാകരന്‍  കെ.പി.സി.സി പ്രസിഡന്‍റ്  കെ പി അനില്‍കുമാര്‍  സി.പി.എം  സി.പി.ഐ.എം
'സി.പി.എം വഴിയമ്പലമായി അധഃപതിച്ചു' ; പുറത്താക്കിയവരെ സ്വീകരിക്കുന്നത് രാഷ്ട്രീയപാപ്പരത്തമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം :ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമായി സി.പി.എം അധപ്പതിച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. കൂറുമാറ്റക്കാരെയും അവസരവാദികളെയും ധൃതരാഷ്ട്രാലിംഗനം ചെയ്ത് സ്വീകരിക്കുന്ന അവസ്ഥയിലേക്ക് ആ പാര്‍ട്ടി കൂപ്പുകുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വേയ്‌സ്റ്റ് കളക്ഷന്‍ സെന്‍ററായി എ.കെ.ജി സെന്‍റര്‍ മാറുന്നത് ഞെട്ടിക്കുന്ന കാഴ്ചയാണ്. അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും ഇതുവരെ റാഞ്ചാന്‍ സി.പി.എമ്മിന് സാധിച്ചിട്ടില്ല.

'പോകുന്നത് പിണറായിയുടെ ഏകാധിപത്യത്തിലേക്ക്'

പിണറായിയുടെ തോക്കുമുനയില്‍ പാര്‍ട്ടിയെയും അണികളെയും നിര്‍ത്തിയിരിക്കുന്ന സി.പി.എം, കോണ്‍ഗ്രസില്‍ അച്ചടക്കരാഹിത്യത്തിന് പുറത്താക്കപ്പെട്ടവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത് രാഷ്ട്രീയപാപ്പരത്തിന്റെ ആഴം വെളിവാക്കുന്നു.

കോണ്‍ഗ്രസില്‍ ഏകാധിപത്യമെന്ന് പറയുന്നവര്‍ പിണറായിയുടെ ഏകാധിപത്യത്തിലേക്കാണ് പോകുന്നത് എന്നതാണ് തമാശ. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ പോലും അവിടെ മൂലയ്ക്കിരിക്കുകയാണ്. സി.പി.എമ്മില്‍ ഒരംഗമാകാന്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യവും മറ്റും പാര്‍ട്ടി ഭരണഘടന പ്രകാരം ആവശ്യമാണ്.

'സി.പി.എമ്മിന്‍റെ ഭരണഘടന കാശിക്കുപോകും'

എന്നാല്‍, കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ സ്വീകരിച്ച് ഏതുപദവിയും നല്‍കുമ്പോള്‍ സി.പി.എമ്മിന്‍റെ ഭരണഘടനയൊക്കെ കാശിക്കുപോകും. വിരുന്നുകാര്‍ അകത്തും വീട്ടുകാര്‍ പുറത്തും എന്നതാണ് സി.പി.എമ്മിലെ അവസ്ഥയെന്ന് അണികള്‍ക്ക് തോന്നിയാല്‍ അവരെ കുറ്റംപറയാനാകില്ല.

എ.കെ.ജി സെന്‍ററിലേക്ക് കടന്നുചെന്ന അനില്‍കുമാര്‍ കോണ്‍ഗ്രസിന്‍റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, രണ്ടു തവണ നിയമസഭയിലേക്ക് മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം എ.കെ.ജി സെന്‍ററിലേക്ക് കടന്നുചെല്ലാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല.

'ഭയാനകം, സി.പി.എമ്മിന്‍റെ ഗതികേട്'

അതില്‍ നിന്നുതന്നെ അദ്ദേഹത്തിന്‍റെ ജനസ്വാധീനവും മഹത്വവും വ്യക്തമാണ്. 42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹത്തിന് പത്ത് പ്രവര്‍ത്തകരുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ സാധിച്ചില്ല എന്നത് അദ്ദേഹം പാര്‍ട്ടിയുടെ ബാധ്യതയാണെന്ന് തെളിയിക്കുന്നതാണ്. തുടര്‍ച്ചയായി ഭരണം ലഭിച്ചിട്ടുപോലും നാലാളെ കൂട്ടാന്‍ കൂറുമാറ്റത്തെയും ചാക്കിട്ടുപിടിത്തത്തെയും ആശ്രയമാക്കുന്ന സി.പി.എമ്മിന്‍റെ ഗതികേട് ഭയാനകമാണ്.

ഒരു പ്രലോഭനവും നല്‍കുന്നില്ല എന്നുപറഞ്ഞ അതേ നാവില്‍ തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടിവിട്ടുവരുന്നവര്‍ക്ക് മാന്യമായ സ്ഥാനവും പരിഗണനയും നല്‍കുമെന്ന് പറഞ്ഞത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്ന് ഇതോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

'ഓഫിസ് ഉള്‍പ്പെടെ ബി.ജെ.പിയ്ക്ക്‌ അടിയറവ് വച്ച പാര്‍ട്ടി'

കെ.പി.സി.സിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് പാര്‍ട്ടി വിട്ടതെന്നുപറയുന്ന കോടിയേരി, ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഓഫിസ് ഉള്‍പ്പെടെ ബി.ജെ.പിയ്ക്ക്‌ അടിയറവ് വച്ചാണ് സി.പി.എം നേതാക്കള്‍ പാര്‍ട്ടി വിട്ടതെന്ന കാര്യം മറക്കരുത്.

സെമി കേഡര്‍ പാര്‍ട്ടി എന്താണെന്ന് ആറ് മാസത്തിനുള്ളില്‍ തങ്ങള്‍ ബോധ്യപ്പെടുത്തി തരാം. പുതിയ സമീപനങ്ങളും പദ്ധതികളുമായി കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുകയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ അസംതൃപ്തരെ കൂട്ടുപിടിച്ച് അതിന് തടയിടാന്‍ സി.പി.എം ശ്രമിക്കുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ALSO READ:ഇനി സഖാവ് കെപി: ഇന്ദിരാഭവനില്‍ നിന്ന് എകെജി സെന്‍ററിലെത്തുമ്പോൾ മനസില്‍ കൊയിലാണ്ടി മാത്രമോ

ABOUT THE AUTHOR

...view details