തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ (സെപ്തംബര്‍ 15). ഇതിനായി അടിയന്തര ജനറല്‍ ബോഡിയോഗം നാളെ കെ.പി.സി.സി ആസ്ഥാനത്ത് ചേരും. നിലവില്‍ സമവായം എന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് വോട്ടെടുപ്പിന് സാധ്യതയില്ല.
പ്രസിഡന്‍റായി കെ.സുധാകരന്‍ തന്നെ തുടരും. എന്നാല്‍ പ്രഖ്യാപനം നാളെ (സെപ്‌റ്റംബര്‍ 15) ഉണ്ടാകാനിടയില്ല. കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റിനെ ചുമതലപ്പെടുത്തിയുള്ള ഒറ്റവരി പ്രമേയം പാസാക്കി യോഗം പിരിയും.
കെ.പി.സി.സി ഭാരവാഹികള്‍, നിര്‍വ്വാഹക സമിതി അംഗങ്ങള്‍, എ.ഐ.സി.സി അംഗങ്ങള്‍, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവയുടെ തെരഞ്ഞെടുപ്പും നാളത്തെ അജണ്ടയാണെങ്കിലും ഇതും എ.ഐ.സി.സി അധ്യക്ഷ തന്നെ തീരുമാനിക്കും. രാവിലെ 11ന് കെ.പി.സി.സി ഓഡിറ്റോറിയത്തിലാണ് തെരഞ്ഞെടുപ്പ്. 77 പുതിയ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി 310 അംഗ കെ.പി.സി.സി അംഗങ്ങളുടെ പേര് വിവരം കെ.പി.സി.സി ഇതുവരെ പുറത്തു വിട്ടിട്ടില്ല.
കേരളത്തില്‍ ഇപ്പോള്‍ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്‌ച പിന്നിടുന്ന സന്ദര്‍ഭത്തിലുള്ള അവധി കൂടി കണക്കിലെടുത്താണ് നാളെ നടക്കുന്ന കെ.പി.സി.സി ജനറല്‍ ബോഡി യോഗം. നിലവിലെ സാഹചര്യത്തില്‍ മുന്‍ കാലങ്ങളിലേത് പോലെ സ്ഥാനമാനങ്ങള്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വീതം വയ്ക്കാനാണ് സാധ്യത.