തിരുവനന്തപുരം: നീണ്ട മൂന്ന് മാസത്തിന് ശേഷം ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സുപ്രധാന വിഷയങ്ങളിൽ പോലും നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് കൂടിയാലോചനകൾ ഉണ്ടാകുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമില്ലെന്നും വിമർശനമുയർന്നു.
കെപിസിസിക്കെതിരെ തുറന്നടിച്ച് നേതാക്കൾ; ഭിന്നത രൂക്ഷമാകുന്നു - കെപിസിസി
സിഎജി റിപ്പോർട്ടിലെ അന്വേഷണം സംബന്ധിച്ച രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും വ്യത്യസ്ഥ അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങളുടെ തുടക്കം
സിഎജി റിപ്പോർട്ടിലെ അന്വേഷണം സംബന്ധിച്ച രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും വ്യത്യസ്ഥ അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങളുടെ തുടക്കം. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഫോണിൽ പോലും സംസാരിക്കാറില്ലെന്ന് പറഞ്ഞ വി.ഡി സതീശൻ പാർട്ടിയെ തുലയ്ക്കാനാണോ നേതാക്കളുടെ ശ്രമമെന്ന് ചോദിച്ചു. ഒന്നര വർഷമായി വർക്കിങ് പ്രസിഡന്‍റായ തന്നെ മുല്ലപ്പള്ളി രാമചന്ദ്രൻ വിളിക്കാറില്ലെന്ന് കെ. സുധാകരനും കുറ്റപ്പെടുത്തി. പിന്നാലെ മുല്ലപ്പള്ളിക്കെതിരെ നേതാക്കൾ ഒരോരുത്തരായി യോഗത്തിൽ രംഗത്തെത്തി.
സർവ പ്രതാപിയായ കെ. കരുണാകരൻ പോലും കൂടിയാലോചനകൾ നടത്തുമായിരുന്നുവെന്ന് വി.എം സുധീരൻ ചൂണ്ടിക്കാട്ടി. അധികാരമില്ലാത്തപ്പോഴുള്ള കരുണാകരന്‍റെ അവസ്ഥ എല്ലാവരും ഓർക്കണമെന്നും സുധീരൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. പൊതു വിഷയങ്ങളിൽ ഏകാഭിപ്രായം വേണമെന്നും യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ പൗരത്വ നിയമ ഭേദഗതിയിൽ ദേശീയ തലത്തിൽ സംയുക്ത സമരമെന്ന കെ.വി തോമസിന്‍റെ ആവശ്യം രാഷ്ട്രീയ കാര്യ സമിതി തള്ളി. നഷ്‌ടമായ ന്യൂനപക്ഷ പിന്തുണ തിരിച്ചുപിടിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.