തിരുവനന്തപുരം: പുതിയ സംസ്ഥാന പ്രസിഡന്‍റ് പ്രഖ്യാപനം പരിഗണനയിലാണെങ്കിലും അതിനു മുന്‍പേ താഴെ തട്ടില്‍ സംഘടന ശക്തമാക്കാന്‍ കെ.പി.സി.സിക്ക് നിര്‍ദ്ദേശം നല്‍കി എഐസിസി. ഇതിന്‍റെ ഭാഗമായി ഡിസിസി, ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ പാര്‍ട്ടിയെ പുന:സംഘടിപ്പിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചു.
പുന:സംഘടനയ്ക്ക് ഒരുക്കം: കെ.പി.സി.സി ഭാരവാഹികളുടെ യോഗം ഡിസംബര്‍ 17ന് പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കും. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹിയിലുള്ള കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ഓണ്‍ലൈന്‍ ആയി യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടി പുന:സംഘടനയും ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിര്‍ദ്ദേശിച്ച അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കലുമാണ് യോഗത്തിന്‍റെ അജണ്ട.
കെ.പി.സി.സി പ്രസിഡന്‍റിനെയും ഡി.സി.സി പ്രസിഡന്‍റിനെയും നിലനിര്‍ത്തിയുള്ള പുന:സംഘടനയാണ് ലക്ഷ്യമിടുന്നത്. ജില്ലകളില്‍ പാര്‍ട്ടി പുന:സംഘടിപ്പിക്കാന്‍ ആലോചന സമിതി രൂപീകരിക്കാന്‍ ഡിസിസി പ്രസിഡന്‍റുമാര്‍ക്ക് രാഷ്ട്രീയ കാര്യ സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മണ്ഡലം, ബ്ലോക്ക്, ഡിസിസി തലത്തലുള്ള പുന സംഘടന ഈ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും.
പുതിയ എ.ഐ.സി.സി അദ്ധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗേ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എഐസിസി സമ്മേളനം ഫെബ്രുവരിയില്‍ നടക്കുന്നതിനാല്‍ അതിനു മുന്‍പേ സംസ്ഥാനത്തു നിന്നുള്ള എഐസിസി അംഗങ്ങളെ നിശ്ചയിക്കേണ്ടതുണ്ട്. ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ മുഴുവന്‍ പ്രസിഡന്റുമാര്‍ക്കും മാറ്റമുണ്ടാകില്ലെങ്കിലും സജീവമായി സംഘടന പ്രവര്‍ത്തന രംഗത്തില്ലാത്തവരെയും ദീര്‍ഘകാലമായി ഒരേ പദവിയില്‍ തുടരുന്നവരെയും മാറ്റിയേക്കും. ഡിസിസി ഭാരവാഹികളുടെ പുന:സംഘടയ്ക്കും ഇതായിരിക്കും മാനദണ്ഡം. ഇതോടൊപ്പം 2024 ല്‍ നടക്കേണ്ട ലോക്‌സഭ തെരഞ്ഞെടുപ്പിന് അടിമുടി സംഘടനയെ സജ്ജമാക്കാനാണ് എഐസിസി നിര്‍ദ്ദേശം.
ഒരുങ്ങുന്നത് വൻ സന്നാഹം: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സന്ദേശങ്ങള്‍ എല്ലാ വീടുകളിലുമെത്തിക്കാന്‍ പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനത്തിന് എഐസിസി നിര്‍ദ്ദേശമുണ്ട്. മുഴുവന്‍ ബ്ലോക്ക് തലങ്ങളിലും ഭാരത് ജോഡോ യാത്രയുടെ മാതൃകയില്‍ പദയാത്രകള്‍ സംഘടിപ്പിക്കും. എല്ലാ ഗ്രാമങ്ങളിലും വിപുലമായ ഒരു പൊതുയോഗം സംഘടിപ്പിക്കും.
ഭാരത് ജോഡോ യാത്രയുടെ സന്ദേശമുള്‍ക്കൊള്ളുന്ന രാഹുല്‍ ഗാന്ധിയുടെ കത്ത് എല്ലാ വീടുകളിലും എത്തിക്കും. ഇതോടൊപ്പം മോഡി സര്‍ക്കാരിനെതിരായ കുറ്റപത്രമടങ്ങിയ ലഘുലേഖകളും വീടുകളിലെത്തിക്കും. രാഹുല്‍ഗാന്ധിയുടെ ചിത്രമടങ്ങിയ ഭാരത് ജോഡോ യാത്ര സ്റ്റിക്കര്‍ എല്ലാ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളില്‍ പതിപ്പിക്കും.
യാത്രയുടെ വൈകാരിക നിമിഷങ്ങളടങ്ങിയ വീഡിയോ എഐസിസി കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. ഇത് എല്ലാ ഗ്രാമങ്ങളിലും പ്രദര്‍ശിപ്പിക്കും. ബ്ലോക്ക് തലത്തില്‍ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും ബൈക്ക് റാലികള്‍ നടത്തും. ചുരുക്കത്തില്‍ പുതിയ എഐസിസി അദ്ധ്യക്ഷന്റെ വരവോടെ വര്‍ഷങ്ങളായി ആലസ്യത്തിലാണ്ട കോണ്‍ഗ്രസ് താഴെ തട്ടിലെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ സജീവമായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിനാണ് രൂപം നല്‍കുന്നത്.