തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടത്തിനൊടുവില്‍ യുഡിഎഫിനു വേണ്ടി വിജയക്കൊടി പാറിച്ച മൂന്ന് എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പിനു മുന്‍പ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ശ്രമം ആരംഭിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. വടകര, കണ്ണൂര്‍, ആറ്റിങ്ങല്‍ എംപിമാരായ കെ മുരളീധരന്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ നീക്കമാരംഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എംപിമാരുടെ നീക്കം തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്ക് തുടക്കമിടുമെന്നും അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. മാറിമാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഒരേ ആളുകള്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കോട്ടമാകുമെന്ന വിലയിരുത്തലും മുല്ലപ്പള്ളിയുടെ എതിര്‍പ്പിനു പിന്നിലുണ്ട്.
നിയമസഭ ലക്ഷ്യമിട്ട് കോൺഗ്രസ് എംപിമാർ: ആ മോഹം വേണ്ടെന്ന് മുല്ലപ്പള്ളി - mullappalli against congress mp
എംപിമാരായ കെ മുരളീധരന്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ നീക്കമാരംഭിച്ചതോടെയാണ് ഇത് തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്ക് തുടക്കമിടുമെന്നും അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചത്.
എ ഗ്രൂപ്പിനുള്ളില്‍ തന്നെയുള്ള അതൃപ്തിയെ തുടര്‍ന്ന് ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിഞ്ഞതാണ് ഇപ്പോഴത്തെ അസ്വസ്ഥതകളുടെ തുടക്കം. എ ഗ്രൂപ്പുകാരനായ എംഎം ഹസനുവേണ്ടി ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടി തന്നെയാണ് മുന്നോട്ടു വച്ചത്. ഒരാള്‍ക്ക് ഒരു പദവി എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശമാണ് സ്ഥാനമൊഴിയുന്നതിനായി ഉമ്മന്‍ചാണ്ടി മുന്നോട്ടു വച്ചത്. എന്നാല്‍ ഒന്നിലധികം പദവി വഹിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയില്‍ തുടരുമ്പോള്‍ തനിക്കു മാത്രം അത് ബാധകമാകുന്നതെങ്ങനെയെന്ന മറുവാദമുയര്‍ത്തി ബെന്നി ബഹനാന്‍ തുടര്‍ന്നു. എന്നാല്‍ ഇതിനെതിരെ എ ഗ്രൂപ്പില്‍ എതിര്‍പ്പ് ശക്തമായതും ചില നേതാക്കള്‍ പരസ്യ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതോടെ ബെന്നി ബഹനാന്‍ രാജിവച്ചു. എന്നാല്‍ ഇതിന്‍റെ ചുവടുപിടിച്ച് കെ മുരളീധരന്‍ കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷ പദവിയൊഴിഞ്ഞത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കാര്യങ്ങളൊന്നും തന്നോട് ആലോചിക്കാറില്ലെന്ന് മുല്ലപ്പള്ളിക്കെതിരെ മുരളീധരന്‍ തുറന്നടിക്കുകയും ചെയ്തു. എന്നാല്‍ മുരളീധരന്‍റെ ഈ സ്ഥാന ത്യാഗം വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കരുനീക്കമാണെന്ന് മുല്ലപ്പളളി തിരിച്ചറിയുന്നു.
കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങി വന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് എംപിമാര്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങാന്‍ നീക്കമാരംഭിച്ചത്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭാവികമായും മൂന്നു പേര്‍ക്കും മന്ത്രിപദത്തിലെത്താം. ഇതാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ മൂവരെയും പ്രേരിപ്പിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. പാര്‍ട്ടി തീരുമാനം അനുസരിച്ചു മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ഊഹാപോഹങ്ങള്‍ക്ക് നേതാക്കള്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിലേക്ക് മൂന്ന് ലോക്‌സഭ മണ്ഡലങ്ങളെ തള്ളിവിടുന്നത് തിരിച്ചടിയാകുമെന്നാണ് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടുന്നത്. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗബലം വളരെ കുറഞ്ഞ അവസ്ഥയില്‍ കൂടുതല്‍ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതില്‍ ഹൈക്കമാന്‍ഡിനും അനുകൂല നിലപാടില്ല. ഇരട്ട പദവിയുടെ പേരില്‍ ബെന്നി ബഹനാന്‍ ഒഴിഞ്ഞുവെങ്കിലും എംപിമാരായ കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാരായി തുടരുന്നുണ്ട്. അതേ സമയം തദ്ദേശഭരണ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിലാരംഭിച്ച അസ്വാരസ്യങ്ങളില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.