തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി വസ്‌തു നല്‍കി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശിക്ഷാവിധി നാളെ. അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ വാദിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.
ഇരയുടെ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരം നൽകണം. വധശിക്ഷ നൽകേണ്ട കേസാണിതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു.
പ്രതികളുടെ പ്രായം, സാമൂഹ്യ സാഹചര്യം, ചുറ്റുപാട്, വിദ്യാഭ്യാസം എന്നിവ അടിസ്ഥാനമാക്കി കോടതിക്ക് വിധി തീരുമാനിക്കാമെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്നും ബലാത്സംഗം, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് വിചാരണ വേളയില്‍ ജഡ്‌ജി സനിൽ കുമാർ പ്രതികളോട് ചോദിച്ചു. ഇതിന് മറുപടിയായി ഒന്നാം പ്രതി ഉമേഷ്, ജീവിക്കണം എന്നും കുറ്റം ചെയ്‌തിട്ടില്ലെന്നും അച്ഛനും, അമ്മയും സഹോദരങ്ങളുമായി രണ്ട് സെന്‍റ് സ്ഥലത്തുള്ള വീട്ടിൽ താമസിക്കുകയാണ് എന്നും പറഞ്ഞു. താൻ പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട് കുറ്റം ചെയ്‌തിട്ടില്ല, ശിക്ഷയില്‍ ഇളവ് വേണം, പൊലീസ് തങ്ങളെ പ്രതികൾ ആക്കിയതാണ് എന്നും രണ്ടാം പ്രതി ഉദയകുമാർ പറഞ്ഞു.
2018 മാര്‍ച്ച് 14നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആയൂര്‍വേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോത്തന്‍കോട്ടെ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ ലാത്‌വിയന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന പ്രതികള്‍ ആളൊഴിഞ്ഞ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.