തിരുവനന്തപുരം : പുതുവർഷ പിറവിയെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിയ കോവളം ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പുതുവർഷ രാവിന് മാറ്റ് കൂട്ടാനായി ഇത്തവണ ബീച്ചിൽ ലൈവ് ഡിജെ ഉൾപ്പടെയുള്ള വിനോദ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഇത്തവണത്തെ ആഘോഷങ്ങൾക്കായി വിദേശ സഞ്ചാരികളോടൊപ്പം നിരവധി സ്വദേശികളും കോവളത്തേക്ക് എത്തിയിട്ടുണ്ട്.
തീരത്തിന്‍റെ ഭംഗിയോടൊപ്പം വൃത്തിയും അങ്ങേയറ്റം ആകർഷണീയമെന്നാണ് സഞ്ചാരികൾ പറയുന്നത്. രണ്ട് വർഷമായി കൊവിഡ് നിയന്ത്രണങ്ങളിലായിരുന്ന പുതുവർഷാഘോഷങ്ങൾ ഇത്തവണ സജീവമാകുന്നത് പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്‌ക്കും ഉണർവ് പകരും. കൃത്യം 12 മണിക്ക് തന്നെ മാനത്ത് വർണ വിസ്‌മയങ്ങൾ വിരിയിച്ചുകൊണ്ടാണ് പുതുവർഷത്തിന്‍റെ പുത്തൻ പ്രതീക്ഷകളെ കോവളം വരവേൽക്കുക.