തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിര്‍മാണം പൂര്‍ത്തിയായ അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്‍റെ ഉദ്ഘാടനവും
മന്ത്രി നിര്‍വഹിച്ചു. കേന്ദ്രത്തിന്‍റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതോടെ ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയായി കോട്ടൂർ മാറുമെന്നും മന്ത്രി അറിയിച്ചു.
വരുന്നത് വൻ പദ്ധതി
നെയ്യാര്‍ ജലാശയത്തിനടുത്തുള്ള കോട്ടൂര്‍ വനമേഖലയില്‍ 175 ഹെക്ടര്‍ സ്ഥലത്ത് 50 ആനകളെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയൊരുക്കുന്നത്. കിഫ്ബി പദ്ധതിയില്‍ നിന്നും 105 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാട്ടിലിറങ്ങി കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയാകുന്ന ആനകളെ ഈ കേന്ദ്രത്തില്‍ പാര്‍പ്പിക്കുക വഴി മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുകയാണ് മുഖ്യ ലക്ഷ്യം.
കോട്ടൂർ ആന പുനരധിവാസ കേന്ദ്രം; ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് വനം മന്ത്രി കാട്ടില്‍ ഒറ്റപ്പെടുന്ന ആനക്കുട്ടികള്‍, വനംവകുപ്പിന്‍റെ ആന ക്യാമ്പുകളില്‍ കഴിയുന്ന പ്രായമേറിയ ആനകള്‍, ഉപേക്ഷിക്കപ്പെടുന്ന നാട്ടാനകള്‍ എന്നിവയുടെ സംരക്ഷണവും ഇവിടെയൊരുക്കും. സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ആനകളെ പാര്‍പ്പിക്കാനുള്ള എന്‍ക്ലോഷറുകള്‍, ആനക്കൊട്ടിലുകള്‍, ജലാശയങ്ങള്‍, കുട്ടിയാനകള്‍ക്കായി ക്വാറന്‍റൈന്‍ കേന്ദ്രത്തോട് കൂടിയ പ്രത്യേക പരിചരണ കേന്ദ്രം, എന്‍ട്രന്‍സ് പ്ലാസ, ആസ്ഥാനമന്ദിരം, ഗവേഷണ പരിശീലന കേന്ദ്രം, ആന മ്യൂസിയം, വെറ്റിനറി ഹോസ്പിറ്റല്‍, ആനകള്‍ക്ക് വേണ്ടിയുള്ള ഭക്ഷണശാല, ആനപാപ്പാൻമാർക്കുള്ള പ്രത്യേക സൗകര്യം, ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, കോട്ടേജുകള്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
Also Read: തോട്ടിലകപ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ വൈറൽ