തിരുവനന്തപുരം:സിഎജി റിപ്പോര്‍ട്ടില്‍ നിയമാനുസൃതമായ പരിശോധന നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വെടിയുണ്ടകള്‍ നഷ്ടമായ സംഭവം എല്ലാകാലത്തും നടക്കുന്ന സാധാരണ വീഴ്ചയാണ്. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും ഇത്തരത്തില്‍ വെടിയുണ്ടകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം. അഴിമതി നടന്നതായി റിപ്പോര്‍ട്ടില്‍ എങ്ങും പറഞ്ഞിട്ടില്ല. വകമാറ്റി എന്നാണ് പറഞ്ഞിരിക്കുന്നത്. പരിശോധനയിലൂടെ ഇതെല്ലാം പുറത്തു വരും. യുഡിഎഫിനാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം അതുകൊണ്ട് തന്നെ പരിശോധന നടത്താന്‍ പ്രതിപക്ഷത്തിന് അവസരമുണ്ട്. യുഡിഎഫ് മന്ത്രിമാര്‍ക്കെതിരായ അഴിമതി അന്വേഷണത്തിന് പുകമറ സൃഷ്ടിക്കാനാണ് സിഎജി റിപ്പോര്‍ട്ടിനെ പ്രതിപക്ഷം ഉപയോഗിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
2013ലുള്ള 2018 വരെയുള്ള പ്രവര്‍ത്തനങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാലയളവില്‍ നാല് ഡി ജി പിമാര്‍ വന്നിട്ടുണ്ട്. എ.ജി പത്രസമ്മേളനം നടത്തി ഒരു ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തുന്നത് ആദ്യ സംഭവമാണ്. നിയമസഭയില്‍ വരുന്നതിന് മുമ്പേ റിപ്പോര്‍ട്ട് ചോര്‍ന്നോ എന്ന് എജി പരിശോധിക്കണം. റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ പലതും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. അങ്ങനെ റിപ്പോര്‍ട്ട് ചോര്‍ന്നിച്ചുണ്ടെങ്കിൽ അത് നിയമസഭയോടുള്ള അവഹേളനമാണെന്നും കോടിയേരി പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.