സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്‌ണൻ തുടരും
മയക്കുമരുന്ന് കേസിൽ പൊലീസ് പിടിയിലായതിന്‍റെ ഭവിഷ്യത്ത് എന്തുതന്നെയായാലും അത് ബിനീഷ് കോടിയേരിയെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ മയക്കുമരുന്ന് കേസിന്‍റെ പേരിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്‌ണൻ മാറിനിൽക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം വിലയിരുത്തൽ. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്‌തു. കേസും തുടർ സംഭവങ്ങളും സംബന്ധിച്ച് യോഗത്തിൽ കോടിയേരി ബാലകൃഷ്‌ണൻ വിശദീകരണം നൽകി. ബിനീഷിനെതിരെയുള്ള കേസ് വ്യക്തിപരമാണ്. അതിൽ പാർട്ടിയോ പാർട്ടി സെക്രട്ടറിയോ ഇടപെടേണ്ടതില്ല. കേസിന്‍റെ ഭവിഷ്യത്ത് എന്തുതന്നെയായാലും ബിനീഷിനെ മാത്രം ബാധിക്കുന്നതാണ്. അതിൽ താൻ യാതൊരു ഇടപെടലും നടത്തില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ വിശദീകരിച്ചു. ഈ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്ന് വിലയിരുത്തിയത്. എൻഫോഴ്‌സ്‌മെന്‍റ് റെയ്‌ഡിന്‍റെ പേരിൽ ബിനീഷിന്‍റെ കുടുംബത്തോട് കാട്ടിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സിപിഎം വിലയിരുത്തി. ഇതിനെതിരെ കുടുംബം നിയമ പോരാട്ടം നടത്തും. അന്വേഷണ ഏജൻസികളുടെ ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനത്തെ തുറന്നുകാട്ടുന്നതിന് ആവശ്യമായ പ്രചാരണങ്ങൾ സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു.