തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തെ പ്രതിരോധിക്കാനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി നിയമത്തിലുണ്ടെന്നും ഈ സാഹചര്യത്തിലാണ് എൽ.ഡി.എഫ് സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
സദുദ്ദേശത്തോടെ നായനാർ ഭരണകാലത്ത് കൊണ്ടുവന്ന ലോകായുക്ത നിയമമാണ്. ആ നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്ന്. ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കേന്ദ്രഭരണകക്ഷി നഗ്നമായി ലംഘിക്കുന്ന ദുരവസ്ഥയാണ് ഇപ്പോൾ. സദുദ്ദേശത്തോടെ കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകളെ ദുരുദ്ദേശത്തോടെ ഉപയോഗിച്ചേക്കാം. ലോകായുക്ത ശുപാർശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തിൽ നിന്ന് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ ഒഴിവാക്കുന്ന നിലവിലുള്ള വ്യവസ്ഥ കേന്ദ്ര ഭരണകക്ഷിയുടെ ഇടംകോലിടൽ രാഷ്ട്രീയത്തിന് വാതിൽ തുറന്നു കൊടുക്കുന്നതാണ്.