കേരളം

kerala

ETV Bharat / state

സ്വപ്‌നയ്ക്ക് കുരുക്കിട്ട് എൻഐഎ; വലയിലാക്കിയത് ഫോൺവിളി - എൻഐഎ അറസ്റ്റ്

സ്വപ്‌ന ഒളിവിൽ പോകുകയും സ്വപ്‌നയുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ ഇവരുടെ ഒപ്പമുള്ളവരുടെ ഫോൺ കേന്ദ്രീകരിച്ച് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്

trivandrum gold smuggling case  swapna suresh arrest  sandeep nair news  NIA news  തിരുവനന്തപുരം സ്വർണ്ണക്കടത്ത കേസ്  സ്വപ്ന സുരേഷ് അറസ്റ്റ്  എൻഐഎ അറസ്റ്റ്  സന്ദീപ് നായർ അറസ്റ്റ്
സ്വപ്‌നയ്ക്ക് കുരുക്കിട്ട് എൻഐഎ; വലയിലാക്കിയത് ഫോൺവിളി

By

Published : Jul 12, 2020, 12:21 PM IST

തിരുവനന്തപുരം:ദേശീയ തലത്തില്‍ വരെ ചർച്ചയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസില്‍ ഏറെ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായത്. സംസ്ഥാന പൊലീസ് നിസംഗത പാലിച്ചിട്ടും ഒരാഴ്ച നീണ്ട ഒളിവ് ജീവിതത്തിന് ശേഷം കേസിലെ പ്രതിയായ സ്വപ്‌നയെ കേന്ദ്ര ഇന്‍റിലജൻസ് ബ്യൂറോ വലയിലാക്കിയത് വ്യക്തമായ പദ്ധതിയിലൂടെ. സ്വപ്‌ന ഒളിവിൽ പോകുകയും സ്വപ്‌നയുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തെങ്കിലും സ്വപ്‌നക്ക് ഒപ്പമുള്ളവരുടെ മൊബൈൽ കേന്ദ്രീകരിച്ച് ഇവരെ കണ്ടെത്താനായിരുന്നു ഐബിയുടെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥർ സ്വപ്‌നയുടെ ഒപ്പമുണ്ടായിരുന്ന മകളുടെ ഫോൺ നിരീക്ഷിക്കാൻ തീരുമാനിച്ചത്. ഇത്തരില്‍ നടത്തിയ അന്വേഷണത്തില്‍ മകളുടെ സഹപാഠികളില്‍ നിന്ന് ഇവർ വിശദാംശങ്ങൾ ശേഖരിച്ചു. സ്വപ്‌ന മൊബൈൽ സ്വിച്ച് ഓൺ ചെയ്യില്ലെന്ന് അന്വേഷണ സംഘത്തിന് ഉറപ്പായതിനാൽ ഒപ്പമുള്ള മകളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു ഐബിയുടെ അന്വേഷണം.

മകളുടെ ഫോൺ ഓൺ ആക്കുമെന്നും അതനുസരിച്ച് ഒളിത്താവളം കണ്ടെത്താനും ഐബി പദ്ധതിയിട്ടു. മകളുടെ സുഹൃത്തുക്കളോട് സ്വപ്‌നയുടെ മക്കൾക്ക് നിരന്തരം മെസേജ് അയക്കാനും നിരന്തരം വിളിക്കാനും ഐബി നിർദേശം നൽകി. ഇതുപ്രകാരം സുഹൃത്തുക്കൾ സ്വപ്‌നയുടെ മകൾക്ക് തുടർച്ചയായി മെസേജുകളും കോളുകളും സ്വിച്ച് ഓഫായ ഫോണിലേക്ക് നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ മകൾ ഫോൺ ഓൺ ചെയ്തതേടെയാണ് അന്വേഷണ സംഘത്തിന് ഒളിത്താവളം ടവർ ലൊക്കേഷനിൽ തെളിഞ്ഞത്. ഇതോടെയാണ് ഇവർ അന്വേഷണസംഘത്തിന്‍റെ പിടിയിലായത്.

ഇന്നലെ കസ്റ്റംസ് സംഘം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടിൽ രാവിലെ മുതൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധന നടക്കുന്നതിനിടെ സന്ദീപിന്‍റെ സഹോദരന്‍റെ ഫോണിലേക്ക് സന്ദീപിന്‍റെ വിളിയെത്തി. ഉടൻ ഫോൺ കൈക്കലാക്കിയ കസ്റ്റംസ് സംഘം സന്ദീപിന്‍റെ ഒളിത്താവളവും മനസിലാക്കി. തുടർന്ന് കസ്റ്റംസും എൻഐഎയും ബംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. സ്വപ്‌നയും സന്ദീപും ബംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു. ഇരുവരുടെയും കൈയില്‍ നിന്ന് രണ്ടര ലക്ഷം രൂപയും പാസ്പോർട്ടും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.

ABOUT THE AUTHOR

...view details