തിരുവനന്തപുരം:കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ചർച്ച ചെയ്യാൻ യോഗം വിളിച്ച് ഗതാഗത മന്ത്രി ആൻ്റണി രാജു. ഈ മാസം 14ന് രാവിലെ പത്തരയ്ക്ക് എറണാകുളത്താണ് യോഗം. കൊച്ചിയിൽ സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടവും ഇത് മൂലമുണ്ടാകുന്ന അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരാൻ തീരുമാനിച്ചത്.
യോഗത്തിൽ മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകൾ , തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും. ഇതേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയിൽ മറ്റൊരു യോഗം കൂടി നടക്കും.
റോഡുകളുടെ കുറുകെയും വശങ്ങളിലും അലക്ഷ്യമായി കേബിളുകൾ ഇടുന്നത് കൊണ്ടും അനിയന്ത്രിതമായി കുഴികൾ കുഴിക്കുന്നത് മൂലവും ഓടയില്‍ സ്ലാബുകള്‍ കൃത്യമായി ഇടാത്തതു കൊണ്ടും ഉണ്ടാകുന്ന അപകടങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം നടക്കുക. റോഡ് സുരക്ഷ അതോറിറ്റി ചെയർമാൻ കൂടിയാണ് മന്ത്രി ആൻ്റണി രാജു. പൊതുമരാമത്ത്, ഗതാഗതം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, വിവിധ ടെലഫോൺ കമ്പനികൾ, വിവിധ ടെലിവിഷൻ കേബിൾ കമ്പനികൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
റോഡുകളിലെ അപകടകരമായ വസ്‌തുക്കള്‍ മാറ്റും:പൊതുനിരത്തിലെ അപകടകരമായ വസ്‌തുക്കള്‍ നീക്കുന്നതിന് ഉത്തരവിടാനുള്ള അധികാരം 2007-ലെ കേരള റോഡ് സുരക്ഷ അതോറിറ്റി നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം റോഡ് സുരക്ഷ അതോറിറ്റിക്കുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് യോഗം വിളിച്ചതെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. റോഡുകളിൽ അലക്ഷ്യമായിട്ടിരിക്കുന്ന കേബിളുകൾ മൂലം ഇരുചക്ര വാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാന്‍ തീരുമാനിച്ചത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം റോഡ് സുരക്ഷ അതോറിറ്റിയുടെ ചുമതലയാണ്.
ശമ്പളം അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കുമെന്ന വാഗ്‌ദാനം പാലിച്ചില്ല:അതേസമയം കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് കാറ്റിൽപ്പറത്തുകയാണ് മാനേജ്‌മെന്‍റ്. ജീവനക്കാർക്ക് പത്താം തീയതിയായിട്ടും ജനുവരി മാസത്തെ ശമ്പളം നൽകിയിട്ടില്ല.
മുഖ്യമന്ത്രി നൽകിയ ഉറപ്പ് മാനേജ്മെന്‍റ് പാലിക്കാത്തതിൽ തൊഴിലാളി യൂണിയനുകളും കടുത്ത അതൃപ്‌തിയിലാണ്. ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി ഈ മാസം 30 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 20 കോടി രൂപ കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റ് ധനവകുപ്പിന് കത്തയച്ചിരുന്നു. ഒരു മാസത്തെ ശമ്പള വിതരണത്തിനായി 87 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വേണ്ടത്.
ധനവകുപ്പ് 20 രൂപ കൂടി അനുവദിച്ചാൽ ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുത്ത് കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാനാകും. പ്രതിദിന കലക്ഷൻ വരുമാനം ഡീസൽ അടക്കമുള്ള മറ്റ് അത്യാവശ്യ ചെലവുകൾക്ക് വിനിയോഗിക്കുന്നതിനാലാണ് ശമ്പള വിതരണത്തിനായി ധനവകുപ്പിനോട് സഹായം അഭ്യർഥിക്കുന്നതെന്നാണ് മാനേജ്മെന്‍റ് വാദം.