തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ 'കേരളീയം' പരിപാടി ധൂർത്താണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളീയം ധൂർത്തല്ല. ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്ന ഒന്നാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (KN Balagopal Replied On VD Satheesan's Statement About Keraleeyam).
കേരളത്തിനുവേണ്ടിയുള്ള വലിയൊരു നിക്ഷേപമാണിത്. ഇതിൽ ധൂർത്തിന്‍റേയോ അമിത ചെലവിന്‍റേയോ പ്രശ്‌നമേ വരുന്നില്ല. കേരളീയം കഴിയുമ്പോൾ അതിന്‍റെ കണക്കുകൾ വിശദമായി ഏവരുടെയും മുന്നിൽ വരും. കേരളത്തിന്‍റെ വാണിജ്യ സാധ്യതകളേയും ടൂറിസം ഉൾപ്പടെയുള്ള എല്ലാ മേഖലകളേയും സഹായിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് സർക്കാർ ആലോചിക്കുന്നത്.
കലാപരമായ മഹാമഹം ഒന്നുമല്ല നടത്തുന്നത്. കേരളത്തിലെ ജനങ്ങളുടെ പൊതുവിലുള്ള നേട്ടങ്ങൾ, കേരളത്തിന്‍റെ ട്രേഡ് സാധ്യതകൾ, വ്യവസായ രംഗത്തെ സാധ്യതകൾ ഇതൊക്കെ പുറത്തേക്ക് എത്തിക്കാൻ ആണ് ഈ പദ്ധതി. കേരളത്തിന്‍റെ വളർച്ചയെ നിലനിർത്താൻ വേണ്ടിയുള്ള സവിശേഷമായ ഘട്ടമാണിത്.
അപ്പോള്‍ പോസിറ്റീവ് ആയി കാര്യങ്ങളിൽ ഇടപെടുകയും വിമർശിക്കുകയുമാണ് വേണ്ടത്. കേരളത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടിന് കാരണം കേന്ദ്ര സർക്കാരാണ്. ഏകദേശം 40,000 കോടിയോളം രൂപ കേന്ദ്രം നമുക്ക് തരാൻ ഉണ്ടായിരുന്നത് വെട്ടിക്കുറച്ചു. കേരളത്തോട് മാത്രമുള്ള അനീതിയാണിത്.
കേരളത്തിലെ ജനങ്ങളോട് താത്പര്യമുണ്ടെങ്കിൽ പ്രതിപക്ഷം സർക്കാരിന് ഒപ്പം നിൽക്കണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ട്. സർക്കാർ ഗ്യാരണ്ടിയിൽ ആർക്കും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമപെൻഷൻ വിതരണം :മുടങ്ങിയ ക്ഷേമ പെൻഷൻ ഗഡുക്കള്‍ ഉടൻ ലഭ്യമാക്കും. ക്രിസ്‌മസ് വരെ നീളില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് മാസമായി ക്ഷേമ പെൻഷൻ മുടങ്ങി കിടക്കുകയായിരുന്നു. 18 മാസം കുടിശ്ശിക വരുത്തിയവരാണ് നാലുമാസത്തെ കുടിശ്ശികയെ വിമർശിക്കുന്നതെന്നും ധനമന്ത്രി പരിഹസിച്ചു.