തിരുവനന്തപുരം :സെപ്‌റ്റംബർ 14ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച 2021-22ലെ സംസ്ഥാന സര്‍ക്കാരിന്‍റെ വരവ് ചെലവുകണക്കുകള്‍ സംബന്ധിച്ച അക്കൗണ്ടന്‍റ് ജനറലിന്‍റെ റിപ്പോര്‍ട്ട് (CAG Report) ഒരു സാധാരണ നടപടിക്രമം മാത്രമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (KN Balagopal). റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ച ശേഷം അക്കൗണ്ടന്‍റ് ജനറല്‍ ചില കാര്യങ്ങള്‍ പറയുകയുണ്ടായി. എന്നാല്‍ വന്‍ തോതില്‍ സര്‍ക്കാര്‍ കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്ന തരത്തിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു (KN Balagopal On CAG Report).
എല്ലാ വര്‍ഷവും അക്കൗണ്ടന്‍റ് ജനറല്‍ സമര്‍പ്പിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നിയമസഭയും വിവിധ കമ്മിറ്റികളും പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. അതിനാല്‍ നിയമസഭ കമ്മിറ്റികളുടെയും വകുപ്പുകളുടെയും സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷം മാത്രമേ അക്കൗണ്ടന്‍റ് ജനറല്‍ മുന്നോട്ടുവച്ച കണക്കുകള്‍ സംബന്ധിച്ച് അഭിപ്രായം പറയാന്‍ കഴിയൂ. എന്നാല്‍ വസ്‌തുതാവിരുദ്ധമായ മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കേണ്ടതുണ്ട്.
കംപ്‌ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 2022 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ മൊത്തം റവന്യൂ കുടിശ്ശിക 28,258.39 കോടി രൂപ എന്നാണ്. ഈ കുടിശ്ശിക ജി.എസ്.ടി വകുപ്പ്, ഗതാഗത വകുപ്പ്, കെ.എസ്.ഇ.ബി ലിമിറ്റഡ്, രജിസ്‌ട്രേഷന്‍ വകുപ്പ്, പൊലീസ് വകുപ്പ് തുടങ്ങിയ പല വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അനേകം വര്‍ഷങ്ങളായിട്ടുള്ള കുടിശ്ശികയാണ്. കേരള സംസ്ഥാനം രൂപപ്പെട്ട കാലം മുതലുള്ള കുടിശ്ശികകളാണ് ഇത്തരത്തില്‍ ക്യാരിഓവര്‍ ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.
കണക്ക് നിരത്തി ധനമന്ത്രി : 2020-21 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 21,798 കോടി രൂപയാണ് സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന കുടിശ്ശിക. 2020-21ല്‍ നിന്നും 2021-22ല്‍ 6400 കോടി രൂപ അധിക കുടിശ്ശിക വന്നു എന്നാണ് കണക്ക്. മുന്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യത്യസ്‌തമായി പുതിയൊരു ഇനം കൂടി കുടിശ്ശികയായി ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇതിനുകാരണം.
കെ.എസ്.ആര്‍.ടി.സി, ഹൗസിംഗ് ബോര്‍ഡ്, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 1970 കള്‍ മുതല്‍ നല്‍കിയ വായ്‌പ സഹായങ്ങളുടെ നാളിതുവരെയുള്ള പലിശ സഹിതം ഒരു പുതിയ ഇനമാക്കി മാറ്റിയിരിക്കുന്നു. ഇത് 5980 കോടി രൂപയോളം വരും. എന്നാല്‍ മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ കുടിശ്ശികയായി പിരിച്ചെടുക്കാനുണ്ടായിരുന്ന നികുതി വകുപ്പിന്‍റെ ഇനത്തില്‍ 420 കോടി രൂപ ഈ വര്‍ഷം കുറവ് വന്നിട്ടുണ്ട്.