കേരളം

kerala

ETV Bharat / state

കുമ്മനം തിരിച്ചെത്തുന്നു; തിരുവനന്തപുരത്ത് തീപാറും പോരാട്ടം - thiruvananthapuram

സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും അതിനുള്ള ആദ്യപടിയായി കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി ഒഴിഞ്ഞു. സി.ദിവാകരന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ ഇടതുമുന്നണിയിലും ആവേശം ഇരട്ടിച്ചു. ഒപ്പം ശശി തരൂരിനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി മൂന്നാം വിജയത്തിന് യുഡിഎഫ് ഉടൻ നിയോഗിക്കുന്നത്തോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മുൻപില്ലാത്ത ആവേശമാകും ഇക്കുറി.

ശശി തരൂര്‍, സി. ദിവാകരന്‍, കുമ്മനം രാജശേഖരന്‍

By

Published : Mar 8, 2019, 10:30 PM IST


ബിജെപി സ്ഥാനാർഥിയായി കുമ്മനം രാജശേഖരൻ മത്സരരംഗത്തിറങ്ങുമെന്ന് ഉറപ്പായതോടെ ശക്തമായ ത്രികോണമത്സരത്തിന് വേദിയാകുകയാണ് തിരുവനന്തപുരം ലോകസഭാ മണ്ഡലം. ഹാട്രിക് വിജയം തേടി മത്സര രംഗത്തിറങ്ങുന്ന കോൺഗ്രസ് സ്ഥാനാർഥി ശശിതരൂരിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി. ദിവാകരനെയും പിന്തള്ളി വിജയം ഉറപ്പിക്കുക എന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മം രാജശേഖരന്‍ ലക്ഷ്യമിടുന്നത്.

സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും അതിനുള്ള ആദ്യപടിയായി കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി ഒഴിഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ അപ്രതീക്ഷിതമായാണ് കേന്ദ്രനേതൃത്വം മിസോറാം ഗവർണർ ആക്കിയത്. ഗവർണർ പദം ഉപേക്ഷിച്ച് സംസ്ഥാനത്തേക്ക് മടങ്ങാനുള്ള ആഗ്രഹം പലവട്ടം അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. ഒടുവിൽ ആർഎസ്എസിന്‍റെ സമ്മർദ്ദത്തിനു വഴങ്ങി കുമ്മനത്തെ സംസ്ഥാനത്തേക്ക് മടക്കി കൊണ്ടുവന്നിരിക്കുകയാണ്.

ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കുന്നതാണ് ഉചിതമെന്നനിലയിൽ ഒരു വിഭാഗം ബിജെപി നേതാക്കൾ ഈഅഭിപ്രായം നേരത്തെതന്നെ പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ശശി തരൂരിനെ അട്ടിമറിക്കാൻ കുമ്മനമാണ് മികച്ച സ്ഥാനാർഥി എന്ന് കരുതുന്ന ബിജെപി നേതാക്കളും കുറവല്ല. കോൺഗ്രസ് ഉരുക്കുകോട്ടയായി കരുതപ്പെട്ടിരുന്ന വട്ടിയൂർക്കാവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടമാണ് കുമ്മനം കാഴ്ചവെച്ചത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് നിയമസഭാ മണ്ഡലങ്ങളിൽ ഒ. രാജഗോപാലിന് ലീഡ് നേടാനായതും കുമ്മനത്തിലേക്ക് സ്ഥാനാർഥി ചർച്ച എത്തുന്നതിന് കാരണമായി. അതേസമയം മുരളീധര പക്ഷത്തെ പ്രമുഖനായ കെ. സുരേന്ദ്രനും ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻപിള്ളയും കണ്ണ് വച്ചിരുന്ന മണ്ഡലംകൂടിയാണ് തിരുവനന്തപുരം. അതുകൊണ്ടുതന്നെ ബിജെപി വിഭാഗീയതയുടെ ഇരയാകാതെ കുമ്മനത്തിന് തിരുവനന്തപുരത്ത് കടന്നുകയറാൻ ആകുമോയെന്ന് സംശയിക്കുന്നവരും കുറവല്ല.

കഴിഞ്ഞതവണ താരതമ്യേന ദുർബലനായ ബെന്നറ്റ് എബ്രഹാമിനെ എൽഡിഎഫ് മത്സരരംഗത്തിറക്കിയത്കൊണ്ടാണ് ബിജെപിക്ക് രണ്ടാം സ്ഥാനത്തെത്താൻ ആയതെങ്കിൽ ഇക്കുറി കരുത്തനായ സ്ഥാനാർത്ഥിയെയാണ് അവർ കളത്തിലിറക്കിയിരിക്കുന്നത്. സി.ദിവാകരന്‍റെസ്ഥാനാർഥി പ്രഖ്യാപനത്തോടെ ഇടതുമുന്നണിയിലും ആവേശം ഇരട്ടിച്ചു. ഒപ്പം ശശി തരൂരിനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി മൂന്നാം വിജയത്തിന് യുഡിഎഫ് ഉടൻ നിയോഗിക്കുന്നതോടെതിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മുൻപില്ലാത്ത ആവേശമാകും ഇക്കുറി ഉണ്ടാകുക.

അങ്കത്തട്ടായി മാറാന്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലം

ABOUT THE AUTHOR

...view details