ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഓര്‍ഡിനൻസ് ഇറക്കണമെങ്കിൽ സംസ്ഥാന സർക്കാരും നിയമസഭയും ആവശ്യപ്പെടട്ടെ എന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഈ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി ദയനീയമായി പരാജയപ്പെടുമെന്നും അതുകൊണ്ടാണ് ശബരിമല ഓര്‍ഡിനന്‍സിന്‍റെ ഉത്തരവാദിത്വം ബിജെപിയുടെയും ആർഎസ്എസിന്‍റെയും മേൽ ആരോപിക്കുന്നതെന്നും കുമ്മനം ഇടിവി ഭാരതിനോട് വ്യക്തമാക്കി.
ശബരിമല: ഓർഡിനൻസ് ഇറക്കണമെങ്കില്‍ സംസ്ഥാനം ആവശ്യപ്പെടട്ടെ എന്ന് കുമ്മനം
"കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും ജയിച്ചു കഴിഞ്ഞാൽ ഉയർത്തിക്കാണിക്കാൻ ഒരു പ്രധാനമന്ത്രി സ്ഥാനാർഥി പോലുമില്ല, അഥവാ അത്തരത്തിലൊരാൾ വന്നാൽ അവരെ പാർട്ടിക്കുള്ളിലുള്ള എത്ര പേർ പിന്തുണക്കുമെന്നതും സംശയമാണ്."
കേരളം വിട്ടുകഴിഞ്ഞാൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒരു കൊടിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. നാളെ കേരളത്തിലും ആ സഖ്യം വരില്ലെന്ന് എന്തുറപ്പാണുള്ളത്. ഈ സാഹചര്യത്തില്‍ കോൺഗ്രസും ബിജെപിയും തമ്മിൽ സഖ്യത്തിലാണെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആരോപണം ആരാണ് കൈക്കൊള്ളുകയെന്നും കുമ്മനം ചോദിച്ചു. കൃഷി, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലുമുള്ള വിദഗ്ധരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. പുരോഗമനത്തെ മുൻ നിർത്തിയാവും പ്രചാരണത്തിനിറങ്ങുകയെന്നും കുമ്മനം പറഞ്ഞു.