നിയമസഭ തെരഞ്ഞെടുപ്പിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്ക് റെക്കോർഡ് ഭൂരിപക്ഷം. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് 61,035 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.കെ ശൈലജയുടെ വിജയം. യുഡിഎഫിന്‍റെ ഇല്ലിക്കൽ അഗസ്തിയെയാണ് ശൈലജ പരാജയപ്പെടുത്തിയത്. ഇപി ജയരാജന് പകരക്കാരിയായാണ് ശൈലജ മട്ടന്നൂരിൽ എത്തിയത്.
കേരളത്തിന്‍റെ ആഗോള മുഖത്തിന് റെക്കോർഡ് ഭൂരിപക്ഷം - മട്ടന്നൂർ
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് 61,035 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.കെ ശൈലജയുടെ വിജയം.
നിപ്പ രോഗം പടർന്നപ്പോളും കൊവിഡ് പ്രതിരോധത്തിലും ആരോഗ്യമന്ത്രി എന്ന നിലയിൽ കെ.കെ ശൈലജയുടെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാലം പിണറായി വിജയനോളം തന്നെ ജനപിന്തുണയുള്ള ഒരു നേതാവായി ശൈലജയെ ഉയർത്തുകയായിരുന്നു. 2016 ൽ കൂത്തുപറമ്പിൽ 12,291 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയതെങ്കില്‍, 2021 ല്‍ മട്ടന്നൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ലീഡില്‍ കെ.കെ ശൈലജയ്‌ക്ക് പിന്നിൽ. ധർമടത്ത് 50,131 വോട്ടുകള്‍ക്കാണ് പിണറായി വിജയിച്ചത്. 2006 ലെ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് 47,671 ഭൂരിപക്ഷത്തിൽ ജയിച്ച എൽഡിഎഫ് സ്ഥാനാർഥി എം.ചന്ദ്രന്‍റെ റെക്കോർഡാണ് ഈ തെരഞ്ഞെടുപ്പോടെ പഴങ്കഥ ആയത്.