തിരുവനന്തപുരം: സച്ചിൻ ദേവ് എംഎൽഎക്ക് എതിരെ സൈബർ സെല്ലിനും സ്‌പീക്കർക്കും പരാതി നൽകി കെ കെ രമ. സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെ അപമാനിക്കുന്നു എന്നാണ് രമയുടെ പരാതിയിൽ പറയുന്നത്. സച്ചിൻ ദേവ് എംഎൽഎ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ അടക്കം ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്.
ആദ്യമായാണ് ഒരു എംഎൽഎക്ക് എതിരെ മറ്റൊരു എംഎൽഎ സൈബർ സെല്ലിന് പരാതി നൽകുന്നത്. തന്നോട് പരിക്കിനെ പറ്റി ചോദിക്കുക പോലും ചെയ്യാതെ നിയമസഭാംഗം സാമൂഹ്യ മാധ്യമങ്ങള്‍ വഴി തനിക്ക് അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകൾ പങ്കുവയ്‌ക്കുകയും വിവിധ സമയങ്ങളില്‍ ഉള്ള ഫോട്ടോകള്‍ എടുത്ത് കാണിച്ച് പ്രചരണം നടത്തുകയും ചെയ്യുന്നു. നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവം തെറ്റായി പ്രചരിപ്പിക്കുകയും ഒരു സാമാജിക എന്ന നിലയിൽ തന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിൽ കള്ള പ്രചരണം നടത്തുന്നു എന്നുമാണ് കെ കെ രമ പരാതിയിൽ പറയുന്നത്.
കെ കെ രമയുടെ പരിക്ക് വ്യാജമാണെന്ന് സച്ചിന്‍ ദേവ്:കെ കെ രമയുടെ കൈയിലെ പരിക്ക് വ്യാജമാണെന്ന് പറഞ്ഞ് കൊണ്ടാണ് സച്ചിൻ ദേവ് എംഎല്‍എ ഇന്നലെ വൈകുന്നേരം നാലുമണിയോടെ സാമൂഹ്യ മാധ്യമങ്ങളിൽ രമക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്. സംഘർഷത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങൾ ഇടത് പ്രൊഫൈലുകളിൽ നിന്നും കെ കെ രമയ്‌ക്കെതിരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. കെ കെ രമയുടെ കൈയിലെ പരിക്ക് വ്യാജമാണെന്ന് പറയുന്നില്ല എന്നും മെഡിക്കൽ രേഖകൾ പരിശോധിക്കണമെന്നും ഇന്നലെ എച്ച് സലാമും സച്ചിൻ ദേവും വിളിച്ച വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.