കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ഭരണ പ്രതിപക്ഷ വാക്‌പോര് പതിവാണ്. പക്ഷേ ഇത്തവണ ഭരണ പ്രതിപക്ഷ വാക്‌പോരിനൊപ്പം കേന്ദ്ര ഏജൻസികളും സർക്കാരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം കിഫ്‌ബി ആസ്ഥാനത്ത് നടന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രൂക്ഷവിമർശനമാണ് നടത്തിയത്. അതിന് പിന്നാലെ ധനമന്ത്രി തോമസ് ഐസക് കൂടി എത്തിയതോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി വിമർശിക്കുന്ന നിലപാടാണ് സിപിഎം നടത്തുന്നത്.
കിഫ്‌ബിയില്‍ നടത്തിയ റെയ്‌ഡ്, ഡല്‍ഹിയിലെ തമ്പുരാക്കൻമാർക്ക് വേണ്ടി നടത്തുന്ന നീക്കമാണെന്നാണ് തോമസ് ഐസക് പറഞ്ഞത്. കരാറുകാർക്ക് നല്‍കുന്ന പണത്തിന്‍റെ നികുതി സംബന്ധിച്ചാണ് അന്വേഷണം നടത്തിയത്. എന്നാല്‍ കിഫ്‌ബി ആക്‌ട് പ്രകാരം കരാറുകാരുമായി കിഫ്ബിക്ക് യാതൊരു കരാറും ഇല്ലെന്നാണ് തോമസ് ഐസക് പറയുന്നത്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് തെമ്മാടിത്തരവും ഊളത്തരവുമാണ്. ഈസ്റ്റർ അവധിക്കുമുൻപ് കേരളത്തിലേക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും തോമസ് ഐസക് പറയുന്നുണ്ട്. അതിനിടെ, സംസ്ഥാനത്ത് വിവിധ കേസുകളിലായി അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. റിട്ട. ജഡ്‌ജി കെവി മോഹനനെ കമ്മിഷനാക്കാനും മന്ത്രിസഭ തീരുമാനിച്ചു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മിഷന്‍റെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരം ആവശ്യമാണ്. ഡോളർ, സ്വർണക്കടത്ത് അന്വേഷണം വഴിതിരിച്ചുവിടുന്നതും, സ്വപ്‌നയുടെ ശബ്‌ദരേഖ, മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാൻ സമ്മർദ്ദം തുടങ്ങിയ കാര്യങ്ങളാകും കമ്മിഷന്‍റെ അന്വേഷണ പരിധിയില്‍ വരിക.