തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവ മാറ്റ ശസ്‌ത്രക്രിയ വൈകിയത് മൂലം രോഗി മരിച്ചുവെന്ന ആരോപണത്തിൽ രണ്ട് ഡോക്‌ടർമാരെ സസ്‌പെൻഡ് ചെയ്‌ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള ഗവൺമെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ. സംഭവത്തിൽ ഡോക്‌ടർമാരുടെ ഭാഗത്തുനിന്നും വീഴ്‌ച ഉണ്ടായിട്ടില്ല. ഒരു സംവിധാനത്തിന് പിഴവ് ഉണ്ടായിട്ടുണ്ടാകാം. ആരോഗ്യമന്ത്രി മുതൽ താഴെ തട്ടിലുള്ള ജീവനക്കാർ വരെ അടങ്ങുന്നതാണ് ഈ സംവിധാനം. അതിലെ വീഴ്‌ചയിൽ ഡോക്‌ടർമാരെ മാത്രം ബലിയാടാക്കരുതെന്ന് കെജിഎംസിടിഎ വക്താവ് ഡോ. ബിനോയ് ഇടിവി ഭാരതിനോട് പറഞ്ഞു.
മരിച്ച രോഗിക്ക് ചികിത്സ നൽകുന്നതിലോ ശസ്‌ത്രക്രിയ നടത്തുന്നതിലോ ഒരു പിഴവും ഡോക്‌ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആലുവയിൽ നിന്ന് രണ്ട് ഡോക്‌ടർമാർ അടങ്ങിയ സംഘമാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇവർ വൃക്ക അടങ്ങിയ പെട്ടി എടുക്കുന്നതിന് മുൻപേ മറ്റു ചിലർ പെട്ടിയെടുത്തു കൊണ്ട് പോവുകയായിരുന്നു.