വിഷുപ്പുലരിയില്‍ നല്ലനാളിന്റെ നിറവിലേക്ക് കണികണ്ടുണര്‍ന്ന് മലയാളി. മനസുകളില്‍ കൊന്നപ്പൂത്തിളക്കവുമായി ആഘോഷത്തിലാണ് ഏവരും. വിഷുവിനെ സവിശേഷമാക്കി കണിക്കാഴ്ചയും. ഓട്ടുരുളിയില്‍ കൃഷ്ണനും കണിവെള്ളരിയും നാളീകേരവും കാര്‍ഷിക വിഭവങ്ങളും ഫലങ്ങളും ഒരുക്കും. നിറനിലവിളക്കിന്റെ തെളിച്ചവും. ആ കണിക്കാഴ്ചയിലേക്ക് കണ്‍തുറക്കുമ്പോള്‍ വിടരുന്നത് നല്ല നാളേയ്ക്കുള്ള കൈത്തിരിവെട്ടം. സമൃദ്ധിയുടെ അടയാളങ്ങളായി സ്വര്‍ണവര്‍ണമാര്‍ന്ന കൊന്നപ്പൂവും കണിവെള്ളരിയും വീട്ടുവരാന്തകളില്‍ തൂങ്ങും. വിഭവസമൃദ്ധമായ വിഷുസദ്യയും കൈനീട്ടവും ശബ്ദ വര്‍ണ വിസ്മയങ്ങളും മാറ്റേകുമ്പോള് എല്ലാം മറന്നുല്ലസിക്കാനുള്ള ദിനം.
കേരളത്തിന് കാര്‍ഷികോത്സവം:മലയാളിക്ക് വിളവെടുപ്പുത്സവമാണ് വിഷു. വേനലില്‍ പച്ചക്കറികൃഷി വിളവെടുക്കും കാലം. പാടത്തുനിന്ന് പറിച്ചവ കണിക്കാഴ്ചയില്‍ ഇടംപിടിക്കും.
വിഷു എന്നാല്‍ തുല്യം:വിഷു എന്നാല്‍ സമമായത് എന്ന് അര്‍ഥം. രാത്രിയും പകലും തുല്യമായ ദിവസമായി വിഷുവിനെ കണക്കാക്കുന്നു. സൂര്യന് രാശിമാറുന്ന സംക്രാന്തികളിലെ പ്രധാനദിനമാണ് മഹാവിഷു എന്നും സങ്കല്‍പ്പം.