തിരുവനന്തപുരം:കേരളീയം മഹോത്സവത്തിന് നവംബര്‍ ഒന്നിന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും (Keraleeyam 2023 will begin on November 1). ചടങ്ങില്‍ പ്രശസ്‌ത സിനിമ താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ എന്നിവരും വ്യവസായ പ്രമുഖരായ എംഎ യൂസഫലി, രവി പിള്ള, ആരോഗ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എംവി പിള്ള തുടങ്ങിയവര്‍ മുഖ്യാഥിതികളാകും. മതവര്‍ഗീയതയ്‌ക്ക് ഈ നാട്ടിലിടമില്ലെന്നും സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്‍റെ സംസ്‌കാരത്തെ ആഘോഷിക്കുന്നതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു (CM Pinarayi Vijayan on Keraleeyam 2023).
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളീയത്തിന്‍റെ സുപ്രധാന ഘടകമായ സെമിനാറുകള്‍ നവംബര്‍ രണ്ട് മുതല്‍ ആറു വരെ രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് 1.30 വരെയാണ് നടക്കുക. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.
കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ കേരളത്തിന്‍റെ വിവിധ മേഖലകളെ ദൃശ്യവല്‍ക്കരിക്കുന്ന 25 പ്രദര്‍ശനങ്ങളും വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങള്‍ കൊണ്ടുള്ള അലങ്കരങ്ങളും ഉണ്ടാകും. 30 വേദികളിലായി 4100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും.
ഫുഡ് ഫെസ്റ്റിവലിന്‍റെ ഭാഗമായി മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ 150ലധികം സ്റ്റാളുകളുമുണ്ട്. കൂടാതെ ചലച്ചിത്ര അക്കാദമി കേരളീയത്തിന്‍റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം.
87 ഫീച്ചര്‍ ഫിലിമുകളും പബ്‌ളിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്‍ററികളുമാണ് ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്. കോമ്പൗണ്‍ണ്ട്, ജവഹര്‍ ബാലഭവന്‍ എന്നീ വേദികളിലായാണ് പുഷ്‌പോത്സവം ഒരുങ്ങുക. ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ രീതികള്‍ സംയോജിപ്പിച്ച് നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയ - അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും.