തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കുമാണ് ക്രമസമാധാന ചുമതല. സഭാപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള സമാധാന ചര്‍ച്ച തുടരുകയാണ്.
വിഴിഞ്ഞം മേഖലയിൽ വൻ പൊലീസ് സന്നാഹം, അതീവ ജാഗ്രതയില്‍ സര്‍ക്കാര്‍ ശനിയാഴ്‌ച വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞു. ഇതിന് പിന്നാലെയാണ് വൻ സംഘർഷമുണ്ടായത്.
സംഭവത്തെ തുടർന്ന് തീരദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ നിരവധി പൊലീസ് വാഹനങ്ങളും തകർന്നു.
സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. സംഘർഷത്തിൽ കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ് ഐ ആർ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
85 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നും എഫ് ഐ ആറിലുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി എഫ്‌ഐആർ നൽകിയിരുന്നു.
സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്‌തു ദാസ് ഉള്‍പ്പടെ 95 പേർ പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്. ഇതിന് പിന്നാലെയാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വൻ സംഘർഷത്തിലേക്ക് വഴിമാറിയത്.