തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്‍റെ സംഘടന തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടപടികൾക്ക് ഇന്ന് തുടക്കമാകും. ഓൺലൈൻ വോട്ടെടുപ്പ് വഴി ഒരുമാസം നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പിലൂടെയാണ് യൂത്ത് കോൺഗ്രസിന്‍റെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയുമാണ് മത്സരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പിൽ നിന്നാണ് മത്സരിക്കുന്നത്. ഐ ഗ്രൂപ്പിൽ നിന്നുള്ള സ്ഥാനാർഥിയാണ് അബിൻ വർക്കി. തെരഞ്ഞെടുപ്പിൽ മണ്ഡലം പ്രസിഡന്‍റ് മുതൽ സംസ്ഥാന പ്രസിഡന്‍റ് വരെയുള്ള ആറു വോട്ടുകളാണ് ഒരാൾക്ക് ഉള്ളത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിൽ അടക്കം ഡിജിറ്റൽ പോസ്റ്ററുകളും നിറഞ്ഞു കഴിഞ്ഞു.
ജില്ല സംസ്ഥാന നേതാക്കളെയാണ് തെരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പ് നടപടികൾ ജൂലൈ 28 വരെ നീളും. വോട്ടെടുപ്പ് നടപടികൾക്ക് ശേഷം രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന അഭിമുഖവും കഴിഞ്ഞാകും പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരുന്നത്. സ്‌മാർട്ട് ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത് ആകും വോട്ട് രേഖപ്പെടുത്തേണ്ടത്. 50 രൂപ മെമ്പർഷിപ്പ് ഫീസ് അടച്ച് അംഗത്വം എടുക്കാവുന്നതാണ്.
വോട്ടെടുപ്പിൽ ഏറ്റവുമധികം വോട്ട് ലഭിക്കുന്ന ആളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ ജൂൺ നാല് ഞായറാഴ്‌ച ആയിരുന്നു സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയവരുടെ അവസാന പേരുകൾ പ്രസിദ്ധീകരിച്ചത്. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കിയതും പ്രസിദ്ധീകരിച്ചതും.
പ്രസിദ്ധീകരിച്ച പട്ടികയിൽ 23 പേരാണ് ഉൾപ്പെട്ടത്. അനീഷ് എസ് ടി സുകുമാരൻ, അബിൻ വർക്കി, അഡ്വ. കെ എ അബിദ് അലി, അഡ്വ. ഒ ജെ ജനീഷ്, അനുതാജ്, അരിത ബാബു, ബിനു ചുള്ളിയിൽ, വി പി ദുൽഖിഫിൽ, എറിക് സ്റ്റീഫൻ, ഫാറൂഖ് ഒ, ജെ എസ് അഖിൽ, ജിൻഷാദ് ജിന്നാസ്, ജോമോൻ ജോസ്, കെ എം അഭിജിത്ത്, ലിന്‍റോ പി അന്തു, എം പി പ്രവീൺ, ആർ ഷാഹിൻ, രാഹുൽ മാങ്കൂട്ടത്തിൽ, എസ് ജെ പ്രേംരാജ്, ഷിബിന വി കെ, വൈശാഖ് ദർശൻ, വീണ എസ് നായർ, വിഷ്‌ണു സുനിൽ എന്നിവരായിരുന്നു ഉൾപ്പെട്ടത്.
സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് കൂടെയുള്ള ആരെയും തോൽപ്പിച്ച് ഒന്നാമൻ ആകാനല്ലെന്നും ഒന്നിച്ച് ഒന്നാമതാകാനാണ്, നമ്മുടെ രാഷ്‌ട്രീയം ശക്തമായി ഉയർത്തിപ്പിടിക്കാനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഏതൊരു രാഷ്‌ട്രീയ പാർട്ടിയുടെയും യുവജന സംഘടനയുടെ സംഘടന തെരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ജനാധിപത്യ പ്രക്രിയ നടക്കുന്നത് യൂത്ത് കോൺഗ്രസിലാണെന്ന് അബിൻ വർക്കിയും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ദിവസം ഞാൻ ചേർക്കുന്ന ആദ്യ മെമ്പർഷിപ്പ് തന്‍റെ ഭാര്യയുടേതാണെന്നും അബിൻ വർക്കി വ്യക്തമാക്കി.