പ്രണയിച്ച് വിവാഹം കഴിച്ചവർ, നഷ്ടപ്രണയം മനസില്‍ സൂക്ഷിക്കുന്നവർ, ഇപ്പോഴും പ്രണയിച്ച് ജീവിക്കുന്നവർ അങ്ങനെ വാക്കുകളില്‍ ഒതുക്കാനാകാതെ പ്രണയം നമ്മില്‍ അലിഞ്ഞു ചേർന്നിരിക്കുന്നു. ഓരോ ജീവന്‍റെ കണികയിലും പ്രണയം സൂക്ഷിക്കുന്നവർ. പക്ഷേ ചിലപ്പോഴെല്ലാം പ്രണയം, പകയായും പിന്നീട് ജീവനെടുക്കുന്ന തീ മഴയായും പെയ്‌തിറങ്ങുകയാണ് ഇപ്പോൾ.
കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തില്‍ പ്രണയത്തിന്‍റെ പേരില്‍ മാത്രം ജീവൻ നഷ്ടമായത് 350 പെൺകുട്ടികൾക്കാണ്. ഇതില്‍ 10 പേർ കൊല്ലപ്പെടുകയും 340 പേർ ആത്മഹത്യ ചെയ്യുകയുമായിരുന്നു. എംകെ മുനീർ എംഎല്‍എയുടെ ചോദ്യത്തിന് മന്ത്രി വീണ ജോർജാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
കണക്കില്‍ ഞെട്ടി കേരളം
- ഏറ്റവും കൂടുതല്‍ മരണങ്ങൾ ഉണ്ടായത് കഴിഞ്ഞ വർഷമാണ്. രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടപ്പോൾ 96 പെൺകുട്ടികളാണ് പ്രണയത്തിന്‍റെ പേരില്‍ ജീവനൊടുക്കിയത്. രണ്ട് കൊലപാതകങ്ങൾക്കും പിന്നില്‍ കാമുകൻമാരാണ്.
- അതിനു മുൻപത്തെ വർഷം പ്രണയത്തിന്‍റെ പേരില്‍ അഞ്ച് പെൺകുട്ടികളുടെ കൊലപാതകത്തിന് കേരളം സാക്ഷിയായി. 88 പെൺകുട്ടികൾ അതേ വർഷം ജീവനൊടുക്കി.
- 2018ല്‍ 76 പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്.
- 2017ല്‍ 80 പെൺകുട്ടികൾ ആത്മഹത്യ ചെയ്തു. ആ വർഷം മൂന്ന് പെൺകുട്ടികളെ പ്രണയത്തിന്‍റെ പേരില്‍ കൊന്നു.
പ്രണയിച്ച് കൊല്ലുന്ന കേരളം
1. രഖില്‍ - മാനസ
- 2021ജൂലൈ 30. കോതമംഗലം ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്‍റല്‍ സയൻസിലെ ഹൗസ് സർജൻസി വിദ്യാർഥിയായിരുന്ന മാനസ എന്ന ഇരുപത്തിനാലുകാരിയെ 32 വയസുള്ള രഖില്‍ എന്ന യുവാവ് വെടിവെച്ചു കൊന്നു. അതിനു ശേഷം രഖില്‍ സ്വയം വെടിവെച്ച് മരിച്ചു.
- ഇരുവരും പ്രണയത്തിലായിരുന്നു. പക്ഷേ രണ്ട് മാസം മുൻപ് ആ ബന്ധം മാനസ അവസാനിപ്പിച്ചു. തുടർച്ചയായ ഭീഷണിയും ഉപദ്രവവും തുടർന്നപ്പോൾ മാനസയുടെ അച്ഛൻ രഖിലിന് എതിരെ പൊലീസില്‍ പരാതി നില്‍കിയിരുന്നു.
- ഡിവൈഎസ്‌പി രഖിലിനെയും രക്ഷിതാക്കളെയും പൊലീസ് സ്്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മാനസയെ ശല്യം ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
- അതിനു ശേഷം രഖില്‍ കണ്ണൂരില്‍ നിന്ന് കോതമംഗലത്തേക്ക് താമസം മാറുകയും മാനസയെ നിരീക്ഷിച്ച് വരികയുമായിരുന്നു. ഒരു മാസത്തോളം രഖില്‍ മാനസയെ നിരീക്ഷിച്ചിരുന്നു. ഇതിനെ സംബന്ധിച്ച് മാനസയ്ക്ക് അറിവുണ്ടായിരുന്നില്ല. ഒടുവില്‍ 2021 ജൂലൈ 30ന് മാനസയുടെ താമസസ്ഥലത്ത് എത്തിയ രഖില്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
2. നീതു കൊലപാതകം
- കാക്കനാട്ടെ ഐടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നിധീഷ്. ചിയ്യാരം സ്വദേശിയായ നീതുവുമായി നീധീഷ് മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇരുവരും ചേർന്നുള്ള ദ മോമു വാംപയർ എന്ന പേരിലുള്ള ടിക് ടോക് അക്കൗണ്ടില്‍ പ്രണയത്തെ കുറിച്ചും ഇരുവരുടേയും പ്രണയസല്ലാപങ്ങളും അടങ്ങുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
- എന്നാല്‍ നിധീഷിന്‍റെ വിവാഹ അഭ്യർഥന നീതു നിരസിച്ചിരുന്നു. അതിന് പ്രതികാരമെന്നോണം നീതുവിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ നിതീഷ് ബലാല്‍ക്കാരമായി ബാത്ത് റൂമിലേക്ക് നീതുവിനെ വലിച്ചു കൊണ്ടുപോയ ശേഷം കഴുത്തില്‍ വെട്ടി. പിന്നീട് നെഞ്ചിലും വയറിലുമായി 12 തവണയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അതിനു ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. 2019 ഏപ്രില്‍ നാലിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്
3. പത്തൊൻപതുകാരിയുടെ കൊലപാതകം
- കുമ്പനാട് സ്വദേശിയായ പത്തൊൻപതുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത് 20കാരനായ അജിൻ റെജി മാത്യുവാണ്. ഹയർസെക്കൻഡറിക്ക് ഇരുവരും സഹപാഠികളായിരുന്നു. പക്ഷേ അജിന്‍റെ പ്രണയം നീതു നിരസിച്ചതോടെയാണ് കൊലപാതകത്തിന് കാരണമായത്.
- നീതുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അജിനെ പൊലീസ് പിടികൂടി. കോടതി അജിനെ റിമാൻഡ് ചെയ്തു. 52 ശതമാനത്തോളം പൊള്ളലേറ്റാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. 2019 മാർച്ച് 12നാണ് കൊലപാതകം നടന്നത്.
4. കാർത്തിക്കും അക്ഷതയും
- സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളജിലെ രണ്ടാം വർഷം ബിഎസ്‌സി വിദ്യാർഥിയായിരുന്നു അക്ഷത. ബൈക്കില്‍ പിന്തുടർന്ന് എത്തിയ കാർത്തിക് ഏഴ് തവണയാണ് അക്ഷതയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
- അക്ഷതയെ കുത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കാർത്തികിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി, അക്ഷതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു.
- സഹപാഠികളായിരുന്നു അക്ഷതയും കാർത്തികും. എന്നാല്‍ കാർത്തിക്കിന്‍റെ പ്രണയാഭ്യർഥന അക്ഷത നിരസിച്ചിരുന്നു. പക്ഷേ കാർത്തിക് പിന്നെയും പ്രണയാഭ്യർഥന തുടർന്നു. അതിനായി കാർത്തിക് എൻജിനീയറിഗ് പഠനം ഉപേക്ഷിച്ച് അക്ഷിതയുടെ കോളജില്‍ ചേർന്നു.
- തുടർച്ചയായ പ്രണയാഭ്യർഥനയും മെസേജ് അയയ്ക്കലും കാർത്തിക് തുടർന്നിരുന്നു. ഒടുവില്‍ പ്രിൻസിപ്പലിന് പരാതി നല്‍കുമെന്ന് അക്ഷിത പറഞ്ഞതിനെ തുടർന്നാണ് 2018 ഫെബ്രുവരി 20ന് ഈ ക്രൂരത കാർത്തിക് ചെയ്തത്.
5. വിനേഷ്, ദൃശ്യ
- ദൃശ്യയും വിനേഷും പരസ്‌പരം അറിയാവുന്നവരും സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചിരുന്നവരുമാണ്. വിനേഷിന് ദൃശ്യയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ദൃശ്യ അതേ വികാരം പ്രകടിപ്പിച്ചിരുന്നില്ല.
- വിവാഹം എന്ന ആവശ്യവുമായി വിനേഷ് ദൃശ്യയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാല്‍ ദൃശ്യയുടെ വീട്ടുകാർ സമ്മതം നല്‍കിയില്ല. അവർ വിനീഷിന് എതിരെ പൊലീസില്‍ പരാതി നല്‍കുകയാണ് ഉണ്ടായത്. അതിനുശേഷം രണ്ട് വീട്ടുകാരും പരസ്‌പരം സംസാരിച്ച് ഒത്തുതീർപ്പിലെത്തുകയും ചെയ്തു.
- പക്ഷേ പരാതി നല്‍കിയതിന്‍റെ പ്രതികാരമെന്നോണം ദൃശ്യയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന വിനീഷ് ദൃശ്യയെ മൃഗീയമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 22 കുത്തുകളാണ് ദൃശ്യയുടെ ശരീരത്തിലുണ്ടായിരുന്നത്. വിനീഷിന്‍റെ ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദേവശ്രീ പിന്നീട് ആശുപത്രി വിട്ടു.
- അതിനു മുൻപുണ്ടായ ദൃശ്യയുടെ അച്ഛന്‍റെ കടയ്ക്ക് തീവെച്ചത് അടക്കമുള്ള കാര്യങ്ങളില്‍ വിനീഷിന് എതിരെ പൊലീസ് അന്വേഷണം നടക്കുകയാണ്. 2021 ജൂൺ 17നാണ് നാടിനെ നടുക്കിയ സംഭവം.
6. അജാസും സൗമ്യ പുഷ്‌പാകരനും
- സിവില്‍ പൊലീസ് ഓഫീസറായിരുന്ന സൗമ്യ പുഷ്‌പാകരനെ വിവാഹ അഭ്യർഥന നിരസിച്ചതിന്‍റെ പേരില്‍ സഹപ്രവർത്തകനായ അജാസ് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
- പൊലീസ് അക്കാഡമി മുതലുള്ള പരിചയമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്.
- സൗമ്യ അജാസില്‍ നിന്ന് 1.25 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയപ്പോൾ അജാസ് അത് വാങ്ങാൻ തയ്യാറായില്ല. പകരം വിവാഹ അഭ്യർഥന നടത്തുകയാണുണ്ടായത്. നേരത്തെ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ സൗമ്യ ആ വിവാഹ അഭ്യർഥന നിരസിച്ചു.
- തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ നിങ്ങളുടെ മകളെ കൊലപ്പെടുത്തുമെന്ന് അജാസ് ഭീഷണിപ്പെടുത്തിയിരുന്നതായി സൗമ്യയുടെ അമ്മ പിന്നീട് പറഞ്ഞിരുന്നു. ഒരു ദിവസം പെട്രോൾ ഒഴിച്ച ശേഷം ഷൂ കൊണ്ട് മർദ്ദിച്ചതായും സൗമ്യയുടെ അമ്മ പറഞ്ഞു. ഇത് സംബന്ധിച്ച് വള്ളികുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നതായും സൗമ്യയുടെ മൂത്ത മകന് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നതായും അവർ പറഞ്ഞു. ഭർത്താവ് വിദേശത്തായതിനാല്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ സഹായം സൗമ്യയ്ക്ക് ലഭിച്ചിരുന്നില്ലെന്നും അവർ പറയുന്നു.
- വള്ളികുന്നത് നടന്ന സ്റ്റുഡന്‍റ് കേഡറ്റ് പൊലീസ് ക്യാമ്പില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അജാസ് അതി ക്രൂരമായി സൗമ്യയെ കൊലപ്പെടുത്തിയത്.
- 2019 ജൂൺ 16ന് സൗമ്യയുടെ സ്‌കൂട്ടറില്‍ കാർ ഇടിച്ചശേഷം കുത്തുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
7. അനുവും അഷികയും
- ഇരുപത്തൊന്നുകാരനായ അനു കഴുത്തു മുറിച്ചാണ് വീട്ടിലെത്തി അഷികയെ കൊലപ്പെടുത്തിയത്. സമാന അവസ്ഥയില്‍ സ്വയം കഴുത്തു മുറിച്ച് മരിക്കാനും അനു ശ്രമിച്ചു.
- കൂലിപ്പണിക്കാരായ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്ന സമയത്താണ് അനു അഷികയുടെ വീട്ടിലെത്തിയത്. അഷികയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
- അനുവും അഷികയും ആശുപത്രിയില്‍ വെച്ച് മരിച്ചു. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് വേർപിരിഞ്ഞിരുന്നു. പക്ഷേ അനു അഷികയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. അഷിക ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി പറഞ്ഞു. ഇരുവരുടേയും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പ്രശ്നം പൊലീസ് പ്രശ്നം പരിഹരിച്ചിരുന്നുവെങ്കിലും അതിനു ശേഷമാണ് 2020 ജനുവരി ഏഴിന് ദാരുണമായ സംഭവമുണ്ടായത്.