തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കര്‍ശന നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കി. കേരള വിസിക്കാണ് അടിയന്തര നടപടിയാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.
നിര്‍ദേശിച്ച തീയതിയില്‍ തന്നെ പ്രതിനിധിയെ അറിയിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. സെര്‍ച്ച് കമ്മറ്റിക്ക് ഏകപക്ഷീയമായി രൂപം നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി വിസി വി.പി.മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. സെനറ്റ് യോഗത്തിന്‍റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു കത്ത് വിസി അയച്ചത്.
ഈ കത്താണ് ഗവര്‍ണര്‍ ഇപ്പോള്‍ തള്ളി കളഞ്ഞിരിക്കുന്നത്. സെര്‍ച്ച് കമ്മറ്റിയെ നിര്‍ദേശിക്കാന്‍ ഇന്ന്(26.09.2022) വരെയാണ് ഗവര്‍ണര്‍ വിസിക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഈ കത്തിലും തുടര്‍നടപടിയുണ്ടാകാന്‍ സാധ്യതയില്ല. ഒക്ടോബറിലാണ് നിലവിലെ വിസിയുടെ കാലാവധി അവസാനിക്കുന്നത്.
തുടര്‍ന്നാണ് പുതിയ വിസിയെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരംഭിച്ചത്. ഇതിനായി സെനറ്റിന്‍റെ പ്രതിനിധിയെ നിയമിക്കാന്‍ ഗവര്‍ണര്‍ സര്‍വകലാശാലയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസി നിയമനത്തിലെ ഗവര്‍ണറുടെ അധികാരം കുറയ്‌ക്കാനുളള നിയമ നിര്‍മാണം സര്‍ക്കാര്‍ പരിഗണിക്കുന്നതിനാല്‍ ഗവര്‍ണറുടെ ആവശ്യത്തില്‍ സര്‍വകലാശാല നടപടിയെടുത്തില്ല.
ഇതേ തുടര്‍ന്ന് ഗവര്‍ണറുടെ പ്രതിനിധിയേയും യുജിസി പ്രതിനിധിയേയും ചേര്‍ത്ത് ഗവര്‍ണര്‍ ഏകപക്ഷീയമായി സെര്‍ച്ച് കമ്മറ്റിയുണ്ടാക്കി വിസി നിയമനത്തിന് നടപടികള്‍ ആരംഭിച്ചിരുന്നു. വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്‌ക്കുന്ന നിയമഭേദഗതി നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വയ്‌ക്കാത്തതിനാല്‍ ഇത് നിയമമായിട്ടില്ല.