മോദിയെ വരവേല്‍ക്കാന്‍ കേരളം തിരുവനന്തപുരം:വന്ദേഭാരത് ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സുരക്ഷാക്രമീകരണങ്ങൾ തകൃതി. വരുന്ന 25-ാം തിയതിയാണ് മോദി തിരുവനന്തപുരത്ത് എത്തുന്നത്. പ്ലാറ്റ്‌ഫോമില്‍ ഒരുക്കേണ്ട ക്രമീകരണങ്ങൾക്കായി, വന്ദേഭാരത് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
വൈകിട്ട് അഞ്ച് മണിയോടെയാണ് വന്ദേഭാരത് തിരുവനന്തപുരത്ത് എത്തിയത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് എത്തിയത്. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന ഭാഗം ബാരിക്കേഡുവച്ച് മറച്ചിട്ടുണ്ട്. നിലവിൽ റെയിൽവേ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗം പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. 25വരെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നാണ് വിവരം. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പ്രത്യേക വേദി ക്രമീകരിക്കും.
വിവിധ പദ്ധതികള്‍ മോദി ഉദ്‌ഘാടനം ചെയ്യും:വളരെ വേഗത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ അധികൃതർ. ഏപ്രിൽ 25ന് രാവിലെ 10.30നാണ് വന്ദേഭാരത് എക്‌സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങ്. ശേഷം 11 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് കൊച്ചി വാട്ടർ മെട്രോയുടെ ഉദ്‌ഘാടനമടക്കം വിവിധ പദ്ധതികള്‍ക്ക് മോദി തുടക്കം കുറിക്കും.
ALSO READ |മോദിയുടെ സന്ദര്‍ശനം : 25ന് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടും, വാഹനങ്ങള്‍ ഒഴിപ്പിക്കും
പരിപാടിയില്‍ വിവിഐപികൾക്ക് അതീവ ജാഗ്രതയോടെയാണ് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും (എസ്‌പിജി) കേരള പൊലീസും സുരക്ഷ ഒരുക്കുന്നത്. അതേസമയം, സുരക്ഷയുടെ ഭാഗമായി 25ന് കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോ അടച്ചിടും. രാവിലെ എട്ട് മണി മുതൽ 11 വരെയാണ് അടച്ചിടുക. തമ്പാനൂർ ബസ് ടെർമിനലിൽ നിന്നും കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ എല്ലാ വാഹനങ്ങളും ഒഴിപ്പിക്കും.
കെഎസ്ആർടിസി എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരും സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവും തമ്മിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ എല്ലാ വാഹനങ്ങളുടെയും പാർക്കിങ് 24ന് വൈകിട്ട് തന്നെ ഒഴിപ്പിക്കും. 25ന് തമ്പാനൂർ ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വികാസ് ഭവൻ ഡിപ്പോയിൽ നിന്നാകും യാത്ര പുറപ്പെടുക.
പൊലീസിന് ഗുരുതര വീഴ്‌ചയെന്ന് ആക്ഷേപം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസിന് ഗുരുതര സുരക്ഷാവീഴ്‌ച സംഭവിച്ചെന്ന് ആക്ഷേപം ഉയരുന്നു. എഡിജിപി ഇന്‍റലിജൻസ് തയാറാക്കിയ സുരക്ഷാസ്‌കീം ചോർന്നതായാണ് പുറത്തുവന്ന വിവരം. പ്രധാനമന്ത്രിയുടെ പൊലീസ് സുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളാണ് ചോർന്നത്.
ALSO READ |ഇന്‍റലിജന്‍സിന്‍റെ സുരക്ഷാസ്‌കീം ചോർന്നു ; പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്‌ച
പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും പൂർണ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 49 പേജുള്ള സുരക്ഷാസ്‌കീമില്‍ വിവിഐപികൾക്ക് നൽകുന്ന സുരക്ഷയുടെ വിശദമായ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്.